‘അ’ യിൽ തുടങ്ങുന്ന കടങ്കഥകൾ – ഉത്തരങ്ങളും
👉 അകത്തറുത്താൽ പുറത്തറിയും.
🎯 ചക്കപ്പഴം • ചക്കപ്പഴം മുറിക്കകത്തുവച്ച് മുറിച്ചാൽപോലും പുറത്തേക്ക് ഗന്ധം വ്യാപിക്കും.
+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
👉 അകത്ത് തിരിതെറുത്തു, പുറത്ത് മുട്ടയിട്ടു.
🎯 കുരുമുളക് • നീണ്ട തിരിപോലുള്ള ഞെട്ടിലാണ് ഉരുണ്ട കുരുമുളക് മണികൾ വളരുന്നത്.
+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
👉 അകത്ത് പോയപ്പോൾ പച്ച, പുറത്ത് വന്നപ്പോൾ ചുവപ്പ്.
🎯 വെറ്റില മുറുക്ക്
+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
👉 അകത്ത് രോമം, പുറത്തിറച്ചി.
🎯 മൂക്ക് • മൂക്കിന്റെ ദ്വാരത്തിനുള്ളിലായാണ് രോമം വളരുന്നത്. സാധാരണ രോമത്തിനു താഴെയാണ് മാംസം. ഇവിടെ മാംസാവരണത്തിനു ഉൾഭാഗത്തായി രോമം കാണുന്നതിനെ സൂചിപ്പിക്കുന്നു.
+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
👉 അകന്നു നിന്നു നോക്കിക്കാണും, കണ്ടതെല്ലാം ഉള്ളിലാക്കും.
🎯 ഛായാഗ്രാഹി (ക്യാമറ)
+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
👉 അകമില്ല പുറമില്ല ഞെട്ടില്ല വട്ടയില.
🎯 പപ്പടം
+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
👉 അകം എല്ലും തോലും പുറം പൊന്ത പൊന്തം.
🎯 വൈക്കോൽത്തുറു
+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
👉 അകത്തിരുന്നു പുറത്തേക്കു നാവു നീട്ടി
🎯 ഓവ്
+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
👉 അക്കരെ നിൽക്കും കാളക്കുട്ടന് അറുപത്തിരണ്ട് മുടിക്കയറ്.
🎯 മത്തത്തണ്ട്.
+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
👉 അക്കരെ നിൽക്കും തുഞ്ചാണി, ഇക്കരെ നിൽക്കും തുഞ്ചാണി, കൂട്ടി മുട്ടും തുഞ്ചാണി.
🎯 കൺപീലി
+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
👉 അക്കരെ വെടി പൊട്ടുമ്പോൾ, ഇക്കരെ കുട വിരിയുന്നു.
🎯 ഇടിവെട്ടി കൂൺ മുളയ്ക്കുക
+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
👉 അങ്ങുകിടക്കണ മന്തൻകാളയ്ക്കെത്തറ നീണ്ട മുടിക്കയറ്.
🎯 മത്തൻ • മത്തങ്ങയും മത്തവള്ളിയും പടർന്നു കിടക്കുന്നത്.
+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
👉 അങ്ങുരുണ്ടു ഇങ്ങുരുണ്ടു അങ്ങാടിമുറ്റത്തൊന്നുരുണ്ടു.
🎯 കുരുമുളക്
+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
👉 അങ്ങേ വീട്ടിലെ മുത്തശ്ശിയമ്മക്കിങ്ങേ വീട്ടിലെ മുറ്റമടി.
🎯 മുളംപട്ടിൽ
+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
👉 അങ്ങേലെ മുത്തീം മുക്കിലിരിക്കും, ഇങ്ങേലെ മുത്തീം മുക്കിലിരിക്കും.
🎯 ചൂല് • മുറ്റം വൃത്തിയാക്കിയശേഷം ചൂല് ഒരിടത്ത് ഒതുക്കി വയ്ക്കുന്നതിനെ സൂചിപ്പിക്കുന്നു.
+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
👉 അങ്ങോട്ടോടും ഇങ്ങോട്ടോടും, മേലേനിന്ന് സത്യം പറയും.
🎯 തുലാസ്
+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
👉 അച്ഛനൊരു പട്ടുതന്നു, മുക്കീട്ടും മുക്കീട്ടും നനയുന്നില്ല.
🎯 ചേമ്പില, താമരയില • ഈ ഇലകളിൽ വെള്ളം പറ്റിയാൽ നനയുകയില്ല.
+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
👉 അച്ഛൻ തന്നൊരു ചോറ്റുരുള, തിന്നിട്ടും തിന്നിട്ടും തീരണില്ല.
🎯 അമ്മിക്കുഴ
+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
👉 അച്ഛൻ തന്ന കാളയ്ക്കു കൊമ്പു്.
🎯 കിണ്ടി
+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
👉 അച്ഛൻ മുള്ളൻ, അമ്മ മിനുമിനു, മോൾ മണിമണി.
🎯 ചക്ക
+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
👉 അഞ്ച് പക്ഷികൾ കൂടി ഒരു മുട്ടയിട്ടു.
🎯 കൈയിൽ ചോറുരുള • അഞ്ചുവിരലുകൾ ചേർത്ത് ചോറ് ഉരുട്ടി ഉരുളയാക്കുന്നു.
+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
👉 അടയുടെ മുമ്പിൽ പെരുമ്പട.
🎯 തേനീച്ചക്കൂട്
+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
👉 അടയ്ക്കും തുറക്കും കിങ്ങിണി പത്തായം.
🎯 കണ്ണ്
+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
👉 അടി പാറ, നടു വടി, മീതെ കുട.
🎯 ചേന • ചേന എന്ന സസ്യത്തിന്റെ ആകൃതിയെ വിശദീകരിക്കുന്നു.
+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
👉 അടി മദ്ദളം, ഇല ചുക്കിരി, കായ് കൊക്കര.
🎯 പുളിമരം
+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
👉 അടിക്കൊരു വെട്ട്, നടുക്കൊരു വെട്ട്, തലക്കൊരു ചവിട്ട്.
🎯 മെതിക്കൽ
+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
👉 അടിച്ചുവാരിയ മുറ്റത്ത് വാരിയെറിഞ്ഞ മണൽത്തരികൾ.
🎯 നക്ഷത്രങ്ങൾ
+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
👉 അടുക്കള കോവിലിൽ മൂന്നുണ്ട് ദൈവങ്ങൾ.
🎯 അടുപ്പ്
+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
👉 അട്ടത്തുണ്ടൊരു കുട്ടിച്ചാത്തൻ അങ്ങോട്ടിങ്ങോട്ടോടുന്നു.
🎯 എലി • തടികൊണ്ടുള്ള തട്ടിൻപുറത്ത് എലി ഓടുമ്പോഴുണ്ടാകുന്ന ശബ്ദമുണ്ടാകുന്നു. ശബ്ദമുണ്ടാക്കുന്ന ആളെ കാണുവാൻ സാധിക്കാത്തതുകൊണ്ട് എലിയെ കുട്ടിച്ചാത്തനായി സങ്കല്പിക്കുന്നു.
+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
👉 അട്ടത്തുണ്ടൊരു കൊട്ടത്തേങ്ങ തച്ച് പൊളിക്കാൻ കത്തിയാളില്ല.
🎯 അമ്പിളിമാമൻ
+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
👉 അതെടുത്തിതിലേക്കിട്ടു ഇതെടുത്തതിലേക്കിട്ടു.
🎯 പായ നെയ്ത്ത്
+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
👉 അനുജത്തി ചോന്നിട്ട്, ഏട്ടത്തി പച്ചച്ച്, മൂത്താച്ചി മഞ്ഞച്ച്.
🎯 ഇല • ഇലയുടെ വികാസത്തിന്റെ ഒരോ ദശയും (കാലഘട്ടവും) സൂചിപ്പിക്കുന്നു.
+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
👉 അപ്പം പോലെ ഒരു ഉണ്ട, അല്പം മാത്രം തല.
🎯 ആമ
+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
👉 അമ്പലത്തിലുള്ള ചെമ്പകത്തിനു കൊമ്പില്ല.
🎯 കൊടിമരം
+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
👉 അമ്പാട്ടെ പട്ടിക്കു മുമ്പോട്ടു വാല്.
🎯 ചിരവ
+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
👉 അമ്മ കല്ലിലും മുള്ളിലും, മകൾ കല്യാണപ്പന്തലിൽ.
🎯 തെങ്ങും തെങ്ങിൻപൂക്കുലയും
+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
👉 അമ്മ കറുത്ത് മകൾ വെളുത്ത് മകളുടെ മകളോ അതിസുന്ദരി.
🎯 വെള്ളില
+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
👉 അമ്മ കിടക്കയിൽ, മകൾ നൃത്തശാലയിൽ.
🎯 അമ്മിക്കല്ലും കുഴവിയും
+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
👉 അമ്മ കിടക്കും, മകളോടും.
🎯 അമ്മിക്കല്ലും കുഴവിയും
+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
👉 അമ്മ കൊലുന്നനെ, മക്കൾ കുരുന്നനെ.
🎯 കവുങ്ങ്
+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
👉 അമ്മ തൊട്ടാലും അമ്മയെ തൊട്ടാലും മകനില്ലാതാവും.
🎯 തീപ്പെട്ടിയും കൊള്ളിയും
+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
👉 അമ്മയെ തൊട്ട മകൻ വെന്തുമരിച്ചു.
🎯 തീപ്പെട്ടിക്കൊള്ളി
+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
👉 അമ്മയ്ക്കതിസാരം, പിള്ളയ്ക്ക് തലകറക്കം.
🎯 തിരികല്ല്
+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
👉 അമ്മയ്ക്ക് വാലില്ല, മകൾക്ക് വാലുണ്ട്.
🎯 തവള
+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
👉 അരയുണ്ട്, കാലുണ്ട്, കാലിനു പാദമില്ല.
🎯 പാന്റ്, കാൽശരായി
+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
👉 അരയ്ക്ക് കെട്ടുള്ളവൻ നിലമടിച്ചു.
🎯 ചൂല്
+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
👉 അവിടെ കണ്ടു, ഇവിടെ കണ്ടു, പിന്നെ കണ്ടില്ല.
🎯 മിന്നൽ അഥവാ കൊള്ളിയാൻ.
+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
👉 അഴിയെറിഞ്ഞ അമ്പലത്തിൽ കിളിയിരുന്നു കൂത്താടുന്നു.
🎯 നാവ് • പല്ലുകളാകുന്ന അഴികളിട്ട അമ്പലത്തിൽ, നാവായ കിളി ശബ്ദമുണ്ടാക്കുന്നു.