Why school buses are yellow in colour
നമ്മുടെ നാടുകളിൽ നിന്ന് വിഭിന്നമായി വളരെ നേരത്തെ തന്നെ സ്കൂൾ സമയം ആരംഭിക്കുന്ന രീതിയാണ് പാശ്ചാത്യ രാജ്യങ്ങളിൽ ഉള്ളത്. തന്മൂലം മൂടൽമഞ്ഞു കൊണ്ടും ചെറുചാറ്റൽ മഴ കൊണ്ടും ദൂര കാഴ്‌ചയ്ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. ഈ കാരണങ്ങൾ കൊണ്ടു തന്നെ ധാരാളം അപകടങ്ങളും സംഭവിച്ചിരുന്നു. ഭാവി തലമുറയുടെ സുരക്ഷയെ തന്നെ ബാധിക്കുന്ന ആശങ്കാജനകമായ ഈ അവസ്ഥ ഒഴിവാക്കാൻ അമേരിക്കൻ ഭരണകൂടം തീരുമാനിച്ചു.
കൊളംബിയൻ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ഡോ. ഫ്രാങ്ക് .ഡബ്ല്യു. സിർ 1939ലാണ് സ്കൂൾ കുട്ടികളുടെ യാത്രാസുരക്ഷക്ക് വേണ്ടിയും സ്കൂൾ ബസുകളുടെ നിറത്തെ ഏകീകരിക്കാനുമായി സമ്മേളനം വിളിച്ച് ചേർത്തത്. ചർച്ചകൾക്കവസാനം വടക്കേ അമേരിക്കയിലെ സ്കൂൾ ബസുകളുടെ നിറം ‘മഞ്ഞ’യാക്കാൻ തീരുമാനിച്ചു. പിന്നീട് ഇദ്ധേഹം “മഞ്ഞ സ്കൂൾ ബസിന്റെ പിതാവ്” (Father of yellow school bus) എന്നറിയപ്പെട്ടു.
മഞ്ഞ നിറം കാഴ്‌ചക്ക് മാത്രമല്ല, സുരക്ഷയ്ക്ക് കൂടിയാണ്. പ്രകാശ രശ്മികളുടെ തരംഗ ദൈർഘ്യത്തിന്റെയും ഫ്രീക്വൻസി യുടെയും ഒരു കളിയാണ് മഞ്ഞയുടെ തിരഞ്ഞെടുപ്പിൽ. ഏറ്റവും അധികം തരംഗ ദൈർഘ്യമുള്ള ചുവപ്പു (approximately 650 nm) നിറം ആണ് VIBGYOR എന്ന ചുരുക്ക പ്പേരിൽ അറിയപ്പെടുന്ന പ്രകാശ രശ്മികളുടെ നിറങ്ങളിൽ. ചുവപ്പു അപകട സൂചകമായി സർവദേശീയമായി ഉപയോഗിക്കുന്നതിനാൽ അതിനടുത്തുള്ള പെട്ടെന്ന് കണ്ണിൽ പെടുന്ന മഞ്ഞ ഉപയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു.1930 ൽ അമേരിക്കയിൽ നടത്തിയ ഒരു ഗവേഷണത്തിൽ. മഞ്ഞ നിറം ബാക്കിയുള്ള നിറങ്ങളെക്കാള്‍ വേഗത്തിൽ കണ്ണിൽ പ്രത്യക്ഷപ്പെടുന്നുവെന്ന് സ്ഥിരീകരിച്ചു. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ മഞ്ഞയ്ക്ക് ബാക്കിയുള്ളതിനേക്കാൾ 1.24 മടങ്ങ് ആകർഷണം ഉണ്ട്. . ഇതു കാരണം മഞ്ഞനിറത്തിലുള്ള ബസ് വളരെ അകലെ നിന്ന് പോലും ദൃശ്യമാകുമെന്ന് വിശ്വസിക്കപ്പെടുന്നു.
മൂടൽമഞ്ഞ്/ മൂടിക്കെട്ടിയ അന്തരീക്ഷം എന്നീ സാഹചര്യങ്ങളിൽ മറ്റു നിറങ്ങളേക്കാൾ കൂടുതൽ എടുത്ത് കാണിക്കുക മഞ്ഞ നിറമാണ്. ഇതുമൂലം അപകട സാധ്യത വളരെ കുറവാണ്.ഇക്കാരണങ്ങളാലാണു മഞ്ഞ നിറത്തിനെ സ്കൂൾ ബസുകളുടെ നിറമായി തെരഞ്ഞെടുത്തത്. എന്നാൽ ഇതൊരു പ്രത്യേക തരം മഞ്ഞ നിറമാണു. നാരങ്ങയുടെ മഞ്ഞ നിറവും , ഓറഞ്ച് നിറവും കലർന്ന ഒരു നിറം ; പഴുത്ത മാങ്ങയുടെ മഞ്ഞ നിറം. ഈ വ്യത്യസ്ഥമായ മഞ്ഞ നിറത്തിൽ കറുത്ത അക്ഷരങ്ങളിൽ എഴുതുമ്പോഴാണ് വേഗത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. വടക്കെ അമേരിക്കയിൽ തുടങ്ങി വെച്ച ഈ രീതിയാണു ഇന്ത്യ അടക്കമുള്ള ലോകത്തിലെ ഒട്ടു മിക്ക രാജ്യങ്ങളും പിന്തുടരുന്നത്.
സ്‌കൂൾ ബസുകൾ സംബന്ധിച്ച് സുപ്രീം കോടതി നിരവധി മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് സ്‌കൂൾ ബസുകളുടെ നിറവും മഞ്ഞയായിരിക്കണം. ഇതുകൂടാതെ സ്‌കൂൾ ബസിന്‍റെ മുൻഭാഗത്തും പുറകിലും ‘സ്‌കൂൾ ബസ്’ എന്ന് എഴുതണം. സ്‌കൂൾ ബസ് വാടകയ്‌ക്കാണെങ്കിൽ അത് ‘സ്‌കൂൾ ബസ് ഡ്യൂട്ടി’ എന്നും എഴുതണം. സ്‌കൂൾ ബസുകളിൽ പ്രഥമശുശ്രൂഷാ ബോക്സ് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണെന്ന് സുപ്രീം കോടതി മാർഗനിർദേശങ്ങളിൽ പറഞ്ഞിരുന്നു. ഇതുകൂടാതെ ബസ് വിൻഡോകൾക്ക് നടുവിൽ ഒരു ഗ്രിൽ ഉണ്ടായിരിക്കണം മാത്രമല്ല സ്കൂളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ബസ്സിൽ ലഭ്യമായിരിക്കണം. കൂടാതെ സ്കൂൾ ബസുകളിൽ ഒരു അറ്റൻഡന്റ് ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. കൂടാതെ സ്കൂൾ ബസിന്റെ പരമാവധി വേഗത മണിക്കൂറിൽ 40 കിലോമീറ്ററായിരിക്കണം. ചട്ടം അനുസരിച്ച്. കുട്ടികൾ 12 വയസ്സിന് താഴെയുള്ളവരാണെങ്കിൽ. 1.5 മടങ്ങ് കൂടുതൽ കുട്ടികളെ സ്കൂൾ ബസുകളിൽ കയറ്റം. കുട്ടിക്ക് 12 വയസ്സിന് മുകളിലാണെങ്കിൽ. ഒരു സീറ്റ് അവര്‍ക്ക് നൽകണം.
Tags:
Why School Buses Are Yellow In Colour