ഓസോൺ എന്ന പ്രാണന്റെ പുതപ്പ്! | World Ozone Day September 16

എന്താണ് ഓസോൺ?

മൂന്ന് ഓക്സിജൻ ആറ്റങ്ങൾ ചേർന്ന് ഉണ്ടായിരിക്കുന്ന ഒരു തൻമാത്ര, അതാണ് ഓസോൺ. ഓക്സിജന്റെ സഹോദരനാണ് ഓസോൺ എന്ന് പറയാം. സൂര്യരശ്‌മികളേറ്റ് ചില ഓക്സിജൻ തൻമാത്രകൾ രണ്ടായി വിഭജിക്കപ്പെടുന്നു. ഇവയോരോന്നും തൊട്ടടുത്തുള്ള മറ്റൊരു ഓക്സിജനുമായി കൂടിച്ചേർന്നാണ് ഓസോൺ എന്ന വാതക തൻമാത്ര ഉണ്ടാകുന്നത്.

പ്രത്യേക ഗന്ധമുള്ള വാതകമാണ് ഓസോൺ. ഡച്ച് കെമിസ്റ്റായ മാർട്ടിനസ് വാൻ മാറം ആദ്യമായി ഓസോണിനെ തിരിച്ചറിഞ്ഞു. 1785–ൽ അദ്ദേഹം തന്റെ ലബോറട്ടറിയിൽ നടത്തിയ ഒരു ഇലക്‌ട്രിക്കൽ പരീക്ഷണത്തിൽ അവിചാരിതമായി ഓസോൺ കടന്നുവരികയായിരുന്നു. ഏതാണ്ട് 50 വർഷങ്ങൾക്ക് ശേഷം 1839–ൽ ക്രിസ്റ്റ്യൻ ഫ്രെഡറിക് ഷോൺബീൻ എന്ന ശാസ്‌ത്രജ്‌ഞൻ ഈ വാതകത്തെ വേർതിരിച്ചെടുത്ത് ഓസോൺ എന്ന് പേരുനൽകി.

ഓസോൺ ഉണ്ടാവുന്നത് എങ്ങനെ? 


സ്ട്രാറ്റോസ്ഫിയർ എന്ന അന്തരീക്ഷപാളിയിൽ സൂര്യന്റെ ശക്തമായ ചൂട് ഏൽക്കുമ്പോൾ അവിടെയുള്ള ഓക്സിജൻ തന്മാത്രകൾ വിഭജിച്ച് ഓക്സിജൻ ആറ്റങ്ങളാകും. സ്ഥിരത കുറഞ്ഞ ഈ ഓക്സിജൻ ആറ്റങ്ങൾ തൊട്ടടുത്ത ഓക്സിജൻ തന്മാത്രകളുമായി ചേർന്ന് ഓസോൺ ആയി മാറുന്നു. സൂര്യനിൽനിന്നുള്ള അൾട്രാവയലറ്റ് രശ്മികൾ പതിക്കുമ്പോൾ ഈ ഓസോൺ വീണ്ടും വിഘടിക്കും. ഒരു ചക്രംപോലെ തുടരുന്ന ഈ പ്രവർത്തനമാണ് അൾട്രാവയലറ്റ് ഭീകരന്മാരിൽനിന്നു ഭൂമിയെ രക്ഷിക്കുന്നത്. 

ലോകത്തെ ഞെട്ടിച്ച ഓസോൺ ദ്വാരം 


50 വർഷം മുമ്പാണ് ഓസോൺപാളിയുടെ ശോഷണം ആദ്യമായി ശാസ്ത്രജ്ഞരുടെ ശ്രദ്ധയിൽപെട്ടത്. ചില സ്ഥലങ്ങളിൽ ഓസോൺപാളി വല്ലാതെ നേർത്ത് ഇല്ലാതാകുന്നതായി 1970കളിൽ ശാസ്ത്രജ്ഞർ ഉറപ്പിച്ചു. മനുഷ്യരുടെ വിവേചനമില്ലാത്ത പ്രവർത്തനങ്ങൾ കാരണം പുറന്തള്ളപ്പെടുന്ന ചില കൃത്രിമ രാസവസ്തുക്കളാണ് ഓസോൺപാളിയെ നശിപ്പിക്കുന്നതെന്ന് അധികം ൈവകാതെ ലോകം തിരിച്ചറിഞ്ഞു. ഇത്തരം രാസവസ്തുക്കളുടെ അളവ് കുറയ്ക്കാനായി പിന്നീടുള്ള ശ്രമങ്ങൾ. 1985ലെ വിയന്ന കൺവൻഷനും 1990ൽ ലണ്ടനിലും 1992ൽ കോപ്പൻഹേഗനിലും നടന്ന പരിസ്ഥിതി ഉച്ചകോടികളും ഓസോൺ സംരക്ഷണ പ്രവർത്തനങ്ങൾക്കു രൂപം നൽകി. 

നൂറ്റാണ്ടു പിന്നിട്ട കണ്ടെത്തൽ 

ഫ്രഞ്ചുകാരായ ഭൗതികശാസ്ത്രജ്ഞർ ചാൾസ് ഫാബ്രിയും ഹെൻറി ബിഷണുമാണ് 1913ൽ ഓസോൺപാളി കണ്ടെത്തിയത്. ബ്രിട്ടിഷ് ഗവേഷകനായ ജി.എം.ബി.ഡോബ്സൺ പിൽക്കാലത്ത് ഓസോൺപാളിയുടെ ഘടനയും സ്വഭാവങ്ങളും വിശദീകരിച്ചു. ഓസോൺപാളിയുടെ കനം അളക്കാനുള്ള രീതികൾ കണ്ടെത്തിയതും അതിനായി ലോകത്തിന്റെ പല കോണുകളിൽ നിരീക്ഷണകേന്ദ്രങ്ങൾ സ്ഥാപിച്ചതും ഡോബ്സൺ ആണ്. ഓസോൺ എന്നൊരു വാതകമുണ്ടെന്ന് ആദ്യം കണ്ടെത്തിയത് സ്വിറ്റ്സർലൻഡിലെ ബേസൽ സർവകലാശാലയിലെ ഗവേഷകനായിരുന്ന ക്രിസ്റ്റ്യൻ ഫ്രഡറിക്ക് ഷോൺബെയ്ൻ ആണ്. 1839ലായിരുന്നു ഈ കണ്ടെത്തൽ. 

ചരിത്രമായ മോൺട്രിയോൾ 


1987 സെപ്റ്റംബർ 16ന് െഎക്യരാഷ്ട്ര സംഘടനയുടെ പരിസ്ഥിതി പദ്ധതിയുടെ ഭാഗമായി 24 രാജ്യങ്ങൾ ചേർന്ന് ഒരു കരാറുണ്ടാക്കി. മോൺട്രിയോൾ പ്രോട്ടോക്കോൾ എന്ന ഈ രേഖ ഓസോൺപാളിയുടെ സംരക്ഷണത്തിനായുള്ള പ്രവർത്തനങ്ങളുടെ ചരിത്രത്തിലെ സുവർണ ഏടായി മാറി. ഓസോൺപാളിയെ നശിപ്പിക്കുന്ന രാസവസ്തുക്കളുടെ ഉൽപാദനം കുറയ്ക്കാനുള്ള നടപടികളായിരുന്നു ഈ രേഖയിൽ. 

ഓസോണിനെ നശിപ്പിക്കുന്ന നൂറോളം രാസവസ്തുക്കളുടെ ഉൽപാദനം കുറയ്ക്കാൻ രാജ്യങ്ങൾ സമ്മതിച്ചു. പിന്നീട് എട്ടു തവണ മോൺട്രിയോൾ പ്രോട്ടോക്കോളിൽ ഭേദഗതികൾ വരുത്തി. ലോകചരിത്രത്തിലെ ഏറ്റവും വിജയകരമായ പരിസ്ഥിതി ഉടമ്പടികളിലൊന്നായാണ് മോൺട്രിയോൾ പ്രോട്ടോക്കോൾ അറിയപ്പെടുന്നത്. ഇന്ന് െഎക്യരാഷ്ട്ര സംഘടനയിൽ അംഗത്വമുള്ള എല്ലാ രാജ്യങ്ങളും ഈ കരാറിൽ ഒപ്പിട്ടിട്ടുണ്ട്. മോൺട്രിയോൾ കരാറിന്റെ വിജയം സൂചിപ്പിക്കുന്നതാണ് ഈ വർഷത്തെ ഓസോൺദിന മുദ്രാവാക്യം: ‘നമ്മളെല്ലാം ഓസോൺ ഹീറോസ്’. 

ഓസോൺദിനം 


െഎക്യരാഷ്ട്ര സംഘടന 1994 മുതൽ ലോക ഓസോൺദിനം ആചരിച്ചുതുടങ്ങി. മോൺട്രിയൽ ഉടമ്പടി ഒപ്പുവയ്ക്കപ്പെട്ട ദിവസമായ സെപ്റ്റംബർ 16 ആണ് ഓസോൺപാളി സംരക്ഷണദിനമായി തിരഞ്ഞെടുത്തത്. ഓസോൺപാളി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്, പ്രാധാന്യത്തെക്കുറിച്ച് ലോകജനതയെ അറിവുള്ളവരാക്കുകയാണു ദിനാചരണത്തിന്റെ ലക്ഷ്യം. 

വില്ലൻ ഓസോൺ 

ഭൂമിയിൽനിന്നു വളരെ ഉയരത്തിൽ നിൽക്കുമ്പോൾ ഓസോൺ രക്ഷകനാണ്. എന്നാൽ, ശ്വസിക്കുന്ന അന്തരീക്ഷവായുവിൽ ഓസോണിന്റെ അളവു കൂടുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകും. മലിനീകരണം കാരണം വായുവിൽ ഓസോണിന്റെ അളവു കൂടുന്നതായും ഇതു ശ്വാസകോശരോഗങ്ങൾ വർധിപ്പിക്കുന്നതായും പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. 

ട്രോപോസ്ഫിയർ ( ഭൂമിയിൽ നിന്ന് 20 കിമീ വരെ) 

ഓസോൺ പാളി ( 20 മുതൽ 35 കിമീ വരെ) 

സ്ട്രാറ്റോസ്ഫിയർ (50 കിമീ വരെ) 

മീസോസ്ഫിയർ (80 കിമീ വരെ) 

കാർമൻ ലൈന് (അന്തരീക്ഷത്തിന്റെയും ബഹിരാകാശത്തിന്റെ യും അതിർവരമ്പ്– 100 കിമീ ഉയരത്തിൽ) 

തെർമോസ്ഫിയർ (1,200 കിമീ വരെ) 

എക്സോസ്ഫിയർ (10,000 കിമീ വരെ)

Leave a Reply

Your email address will not be published. Required fields are marked *

Back To Top