ഒളിംപിക്സിന്റെ ചരിത്രം

ബിസി 776-ല്‍ തുടങ്ങുന്നു ഒളിംപിക്സിന്റെ ചരിത്രം ‘ഒളിംപിക്സ്’ എന്ന മഹത്തായ ആശയം ലോകത്തിന് സംഭാവന ചെയ്തത് പ്രാചീന ഗ്രീസ് ആയിരുന്നു. ഒളിംപിക്സിന്‍െറ ഉത്ഭവവുമായി ബന്ധപ്പെട്ട് പല കഥകളും ഉപകഥകളും പ്രചാരത്തിലുണ്ട്. ബിസി 1253-ല്‍ ഗ്രീസിന്‍െറ ശക്തിദേവനായ ഹെര്‍ക്കുലീസ് തുടക്കം കുറിച്ചതാണ് ഒളിംപിക്സ് എന്ന് ഒരു കൂട്ടര്‍ വിശ്വസിക്കുന്നു. എന്നാല്‍ ബിസി 776ലാണ് പ്രാചീന ഒളിംപിക്സിന് തുടക്കമിട്ടത് എന്നതാണ് പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുളളത്. ഒളിംപിക്സ് എന്ന പദം ‘ഒളിംപിയ’ എന്ന വാക്കില്‍ നിന്ന് പുനര്‍ജനിച്ചതാണ്. ‘ഒളിംപിക്സ്’ എന്ന ഗ്രീക്ക് പദത്തിനര്‍ഥം ദേവന്റെ നിവാസ സ്ഥാനമെന്നും. ‘ഒളിംപസ്’ എന്നതില്‍ നിന്നുരുത്തിരിഞ്ഞതാണ് ‘ഒളിംപിയ’ എന്ന വാക്ക്. പൌരാണിക ഗ്രീസില്‍ നാല് കായാക മാമാങ്കങ്ങളാണ് നടന്നിരുന്നത്. കൊരിന്തില്‍ പൊസിദോണ്‍ ദേവനെ പ്രീതിപ്പെടുത്താന്‍ രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടത്തി വന്ന ഇസ്ത്മിയന്‍ ഗെയിംസ്, ദേവന്‍മാരുടെ രാജാവായ സിയൂസ് ദേവനെ പ്രതിപ്പെടുത്താന്‍ നിമിയയില്‍ നടത്തി വന്ന നിമിയന്‍ ഗെയിംസ്, അപ്പോളോ ദേവന്റെ ബഹുമാനാര്‍ഥം ഡല്‍ഫിയില്‍ നാലു വര്‍ഷത്തിലൊരിക്കല്‍ അരങ്ങേറിയ പൈതിയന്‍ ഗെയിംസ്, സിയൂസ് ദേവന്റെ പ്രീതിക്കായി ഒളിംപിയയില്‍ നാലു വര്‍ഷത്തിലൊരിക്കല്‍ നടന്നു വന്ന ഒളിംപിക്സ് എന്നിവ. ഇവയില്‍ ഏറ്റവും പ്രാധാന്യം ഒളിംപിക്സിനായിരുന്നു. 

ഒളിംപിക്സിന്റെ ജനനം സംബന്ധിച്ച് ഏറ്റവും പ്രചാരമുളള കഥ ഇതാണ്: ബിസി 1253ല്‍ പുരാതന ഗ്രീസിലെ എലിസ് പ്രദേശത്തെ ഈജിയസ് രാജാവും വീരപുരുഷനും ശക്തിയുടെ പ്രതീകവുമായ ഹെര്‍ക്കുലീസിലും തമ്മില്‍ നടന്ന യുദ്ധത്തില്‍ ഈജിയസിനെ വധിച്ച് ഹെര്‍ക്കുലീസ് തന്‍െറ മകനെ രാജാവാക്കി. ഹെര്‍ക്കുലീസ് ഈ വിജയത്തിന്‍െറ സ്മരണയ്ക്കായി ഒരു സ്റ്റേഡിയം സ്ഥാപിച്ചു. അവിടെ വര്‍ഷംതോറും കായിക മത്സരങ്ങള്‍ നടത്താനും തീരുമാനിച്ചു. സ്റ്റേഡിയത്തിന് ‘ഒളിംപിയ’ എന്നു പേരിട്ടു. അവിടെ നടത്തപ്പെട്ട കായികവിനോദങ്ങളില്‍ നിന്ന് ‘ഒളിംപിക്സ്’ ജന്മമെടുത്തു. വ്യത്യസ്ത സംസ്കാരങ്ങള്‍ നിറഞ്ഞ പുരാതന ഗ്രീസിനെ ഐക്യപ്പെടുത്തുന്നതില്‍ ഒളിംപിക്സിന് വലിയ പങ്കുണ്ടായിരുന്നു. പുരാതന ഒളിംപിക്സില്‍ വളരെ കുറച്ചു കായിക ഇനങ്ങളെ നടന്നിരുന്നുള്ളു. ഗ്രീക്ക് സംസാരിക്കാന്‍ അറിയാവുന്നവരെ മാത്രമേ പങ്കെടുപ്പിച്ചിരുന്നുള്ളു. ഗ്രീക്ക് ദേവന്മാരുടെ രാജാവായ സിയൂസിന്‍െറ ഉത്സവുമായി ബന്ധപ്പെട്ടാണ് ഒളിംപിക്സ് സംഘടിപ്പിച്ചിരുന്നത്. അക്കാലത്ത് ഒളിംപിക്സ് തീര്‍ത്തും ഒരു മതാഘോഷമായിരുന്നു എന്നു പറയാം. പുരുഷന്മാര്‍ മാത്രമേ പങ്കെടുത്തിരുന്നുള്ളു.

ആധുനിക ഒളിംപിക്സിന്റെ തുടക്കം 

ഫ്രഞ്ചുകാരനായ ബാരണ്‍ പിയറി ഡി കുബര്‍ട്ടിന്‍ (1863-1937) എന്ന മനുഷ്യസ്നേഹിയെ പുരാതന ഒളിംപിക്സ് ചരിത്രം ആവേശം കൊള്ളിച്ചു. ഗ്രീക്കുകാരുടെ പുരാതന കായിക സംസ്കാരം പുതിയൊരു ആഗോളസംസ്കാരത്തിലേക്ക് ലോകത്തെ നയിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു. പരസ്പരം പോരടിച്ചുനിന്ന രാജ്യങ്ങളെ, വിശേഷിച്ച് യൂറോപ്യന്‍ രാഷ്ട്രങ്ങളെ ഒരു ലോകകായിക മേള ഒന്നിപ്പിച്ചേക്കുമെന്ന് അദ്ദേഹത്തിന്റെ മനസ് മന്ത്രിച്ചു. പുത്തന്‍ ഒളിംപിക്സ് എന്ന ആശയം അദ്ദേഹത്തിന്റെ മനസില്‍ ഉദിച്ചു. ‘ഒളിംപിക്സിന്‍െറ പുനരുദ്ധാരണം’ എന്ന കുബര്‍ട്ടിന്‍െറ ആശയം 1892 നവംബര്‍ 25-ന് ഫ്രാന്‍സിലെ സോര്‍ബോണില്‍ നടന്ന ഒരു സമ്മേളനത്തില്‍ അദ്ദേഹം മുന്നോട്ടുവച്ചു. എന്നാല്‍ മറ്റു പ്രതിനിധികള്‍ കുബര്‍ട്ടിന്‍െറ ആശയത്തോട് യോജിച്ചില്ല. കുബര്‍ട്ടിന്‍ പിന്മാറിയില്ല. 1894 ജൂണ്‍ 16 മുതല്‍ 23 വരെ പാരിസില്‍ നടന്ന അമച്വര്‍ സ്പോര്‍ട്സിനെപ്പറ്റിയുള്ള ഒരു രാജ്യാന്തരസമ്മേളനം തന്‍െറ ആശങ്ക പ്രചരിപ്പിക്കുന്നതിനുള്ള വേദിയാക്കി മാറ്റി. ജൂണ്‍ 23-ന് ഒളിംപിക്സ് എന്ന മഹത്തായ ആശയത്തിന്‍െറ ആവശ്യകത പ്രതിനിധികളുടെ മുന്നില്‍വച്ചു. കുബര്‍ട്ടിന്‍െറ ആശയങ്ങള്‍ അംഗീകരിക്കപ്പെട്ടു. അവിടെവച്ചുതന്നെ രാജ്യാന്തര ഒളിംപിക് കമ്മിറ്റി രൂപീകരിച്ചു. ഗ്രീസില്‍ നിന്നുള്ള ഡിമിത്രിസ് വികേലസ് ഐഒസി യുടെ പ്രഥമ പ്രസിഡന്‍റായി, കുബര്‍ട്ടിന്‍ സെക്രട്ടറി ജനറലും. 

ആധുനിക ഒളിംപിക്സ് പുരാതന ഒളിംപിക്സിന്‍െറ ജന്മഭൂമിയായ ഒളിംപിയയില്‍ നിന്നു തുടങ്ങട്ടെയെന്ന് ഐഒസി പ്രതിനിധികള്‍ നിര്‍ബന്ധം പിടിച്ചു. എന്നാല്‍ രാജ്യാന്തരമത്സരം നടത്താനുള്ള സൌകര്യമൊന്നും അന്ന് ഒളിംപിയയില്‍ ഇല്ലായിരുന്നു. മാത്രമല്ല, ഒളിംപിയയില്‍ എത്തിച്ചേരാനും ബുദ്ധിമുട്ടായിരുന്നു. അങ്ങനെ ഗ്രീസില്‍ത്തന്നെയുള്ള ആതന്‍സ് നഗരത്തില്‍വച്ച് ആധുനിക ഒളിംപിക്സിന്റെ ആദ്യമേള നടത്താന്‍ തീരുമാനമായി. 1896 ഏപ്രില്‍ 6. ഉച്ചകഴിഞ്ഞ് 3 മണി. ചരിത്രമുറങ്ങുന്ന ആതന്‍സ് നഗരം. തുര്‍ക്കിയുടെ ആധിപത്യത്തില്‍ നിന്ന് ഗ്രീസ് സ്വാതന്ത്യ്രം നേടിയതിന്‍െറ 75-ാം വാര്‍ഷികവും അന്നായിരുന്നു. ഹെറോദിസ് ബിസി 320-ല്‍ നിര്‍മിച്ച ആതന്‍സിലെ പിനാഥെനിക് സ്റ്റേഡിയത്തില്‍ നിറഞ്ഞുനിന്ന ജനസമൂഹത്തെ സാക്ഷിനിര്‍ത്തി ഹെല്ലനയിലെ ജോര്‍ജ് രാജാവ് ഒന്നാമത്തെ രാജ്യാന്തര ഒളിംപിക് മത്സരങ്ങള്‍ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു.



Tags:


first olympic games were held in which country,history of olympic games pdf,olympic games information for students,when did the ancient olympics start,summer olympic games,ഒളിമ്പിക്സ് – വിക്കിപീഡിയ,ഒളിമ്പിക്സ് ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും,ഒളിമ്പിക്സ് മ്യൂസിയം എവിടെയാണ്,ഒളിമ്പിക്സ് നിരോധിച്ച റോമന് ചക്രവര്ത്തി ആര്,ഒളിമ്പിക്സ് മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെയാണ്,ഒളിമ്പിക്സ് മുദ്രാവാക്യം,അടുത്ത ഒളിമ്പിക്സ് നടക്കുന്ന രാജ്യം,ഒളിമ്പിക്സ് പതാകയുടെ നിറം,2024 ഒളിമ്പിക്സ് നടക്കുന്ന രാജ്യം?

Leave a Reply

Your email address will not be published. Required fields are marked *

Back To Top