എന്താണ് നെല്ലിക്ക കഴിച്ചിട്ട് വെള്ളം കുടിച്ചാൽ മധുരിക്കുന്നത്? Gooseberry And Water
നെല്ലിക്ക കഴിക്കാത്ത മലയാളികളുണ്ടാവില്ല അല്ലേ. കവിതകളിലൂടെയും കഥകളിലൂടെയും പഴഞ്ചൊല്ലുകളിലൂടെയും നെല്ലിക്കയുടെ സവിശേഷതകള്‍ കേട്ടിരിക്കുമല്ലോ. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ചൈന, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ സുലഭമായി നെല്ലി മരങ്ങള്‍ വളരുന്നു. ചൂടുകാലത്ത് ഇലപൊഴിക്കുന്ന നെല്ലിമരം പൂക്കുന്നത് ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ്.ആംഗലേയത്തിൽ ഇൻഡ്യൻ ഗൂസ്ബെറി എന്ന് അറിയുന്ന നെല്ലിക്കയുടെ ശാസ്ത്ര നാമങ്ങൾ Emblica officinalis / Phyllanthus emblica എന്നാണ്. സംസ്കൃതത്തിൽ അമ്ലക, അമ്ലകി, അമ്‌ല. കന്നഡയിലും, തമിഴിലും, മലയാളത്തിലും നെല്ലി എന്ന് പേര്.
നെല്ലിക്കയ്ക്കു കയ്പോ മധുരമോ?
ശരിക്കും നെല്ലിക്കയ്ക്കു് ഇളംകയ്പാണുള്ളതു്. മധുരം ഒട്ടുമില്ല! എന്തു കൊണ്ടാണ് ചവയ്ക്കുമ്പോള്‍ ചവര്‍പ്പ് അനുഭവപ്പെടുന്നതും വെള്ളം കുടിക്കുമ്പോള്‍ മധുരിക്കുന്നതും?
നെല്ലിക്കയില്‍ അടങ്ങിയിട്ടുള്ള ഗാലേറ്റുകള്‍, ടാനേറ്റുകള്‍ എന്നീ ലവണങ്ങള്‍ ആണ് ഇതിനു കാരണം. പോളീഫീനോളിക് യൌഗികങ്ങള്‍ (Polyphenolic Compounds) എന്നാണ് രസതന്ത്രജ്ഞര്‍ ഈ രാസവസ്തുക്കള്‍ക്ക് നല്‍കിയിട്ടുള്ള വിളിപ്പേര്. നെല്ലിക്ക ചവയ്ക്കുമ്പോള്‍ ഈ യൌഗികങ്ങള്‍ നാവിലുള്ള രുചിമുകുളങ്ങളില്‍ നിറയുന്നു. താല്‍ക്കാലികമായി രുചിമുകുളങ്ങളെ സംവേദനക്ഷമമല്ലാതാക്കാന്‍ ഇവയ്ക്ക് സാധിക്കുന്നു. അങ്ങനെയാണ് നമുക്ക് ഒരു തരത്തിലുള്ള ചവര്‍പ്പ് അനുഭവപ്പെടുന്നത്. വെള്ളം കുടിക്കുന്നതോടെ രുചിമുകുളങ്ങളില്‍ നിറഞ്ഞിരിക്കുന്ന ഗാലേറ്റുകളും ടാനേറ്റുകളും ഒലിച്ചു പോകുകയും രുചിമുകുളങ്ങള്‍ക്ക് അവയുടെ സംവേദനക്ഷമത തിരികെ ലഭിക്കുകയും ചെയ്യുന്നു.
നെല്ലിക്കയിൽ (അതുപോലെ മിറക്കിൾ ഫ്രൂട്ട് (Synsepalum dulcificum) തുടങ്ങിയ മറ്റു ചില തരം ബെറികളിലും) മിറക്യുലിൻ (Miraculin) എന്നറിയപ്പെടുന്ന ഒരു തരം ഗ്ലൈക്കോപ്രോട്ടീൻ അടങ്ങിയിട്ടുണ്ടു്. മിറക്യുലിനു് ഉമിനീരിൽ ലയിച്ച് സ്വാദുമുകുളങ്ങളിലെത്തിച്ചേരാനും ഇരുനൂറോളം അമിനോആസിഡുകൾ അടങ്ങിയ അതിലെ ഗ്ലൈക്കോപ്രോട്ടീൻ തന്മാത്രകൾക്കു് ഉമിനീരിലെ എൻസൈമുകളുമായി പ്രവർത്തിച്ചുതുടങ്ങാനും ഒരു ഇടവേള ആവശ്യമാണു്. ഗാലേറ്റുകളും ടാനേറ്റുകളും ഒലിച്ചു ലയിച്ചു പോവുകയും രുചിമുകുളങ്ങള്‍ക്ക് അവയുടെ സംവേദനക്ഷമത തിരികെ ലഭിക്കുകയും ചെയ്യുന്നതോടെ ആ ഇടവേള ലഭിയ്ക്കുന്നു.
ഉമിനീരോടു കൂടി ലയിച്ചു പോവുകയും വെള്ളം കുടിക്കുകയോ ചെയ്താൽ രുചി മുകുളങ്ങൾ സാധാരണനിലയിലും ആയാൽ തുടർന്നുള്ള പ്രവർത്തനം ഈ ഗ്ലൈക്കോപ്രോട്ടീനുകളുടേതാണ്. നെല്ലിക്കയില്‍ അടങ്ങിയിട്ടുള്ള ഗ്ലൈക്കോപ്രോട്ടീനുകള്‍ക്ക് ജലവിശ്ലേഷണം സംഭവിക്കുകയും ചെയ്യുന്നതോടെ നാവിനു മധുരം അനുഭവപ്പെടുകയും ചെയ്യുന്നു.
നെല്ലിക്ക വേവിക്കുമ്പോൾ അതിലെ ഗ്ലൈക്കോപ്രോട്ടീൻ നിർവീര്യമാവും. അതുകൊണ്ടാണു് വെന്ത നെല്ലിക്കക്കു് ഈ മധുരം തോന്നാത്തതു്. എന്നാൽ ഉപ്പിലിട്ട നെല്ലിക്കയിൽ ഈ ‘അനുഭൂതി‘ നഷ്ടപ്പെടില്ല.
നമ്മുടെ ശരീരത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ഒരു ഫലമാണ് നെല്ലിക്ക. 100 ഗ്രാം നെല്ലിക്കയിൽ 720 മുതൽ 900 മില്ലി ഗ്രാം വരെ ജീവകം സി കാണപ്പെടുന്നു. റ്റാനിനുകൾ ഉള്ളതിനാൽ നെല്ലിക്കയിലെ സക്രിയ ഘടകങ്ങൾ ഫലം ഉണങ്ങിയതിനു ശേഷവും പ്രയോജനപ്പെടുന്നു. സിയറ്റിൻ, സിയറ്റിൻ റൈബോസൈഡ്, ഗ്ലൂക്കോഗാല്ലിക്ക് അമ്ലം, കോരിലാജിൻ, ചെബുളാജിക് അമ്ലം, 3,6 ഡൈ അല്ലൈൽ ഗ്ലൂക്കോസ്, എല്ലജിക് അമ്ലം, ലൂപ്പിനോൾ, ക്ക്വർസെറ്റിൻ തുടങ്ങിയവയാണ് മറ്റ് സക്രിയ ഘടകങ്ങൾ.
ആയുർവേദത്തിൽ വിശിഷ്ഠസ്ഥാനമാണ് നെല്ലിക്കക്കുള്ളത് ( ച്യവനപ്രാശം/ ത്രിഫലചൂർണ്ണം/ നെല്ലിക്ക കഷായം). അപ്സരസ്സായ മേനകയിൽ ആകൃഷ്ടനായ ച്യവന മഹർഷി, യൗവനം നിലനിർത്താൻ വേണ്ടി ഉപയോഗിച്ചതാണത്രേ ച്യവനപ്രാശം. ഇതിഹാസങ്ങളുടെ ഈ ‘ദിവ്യത്വവും’ ആയുർവേദ പാരമ്പര്യത്തിന്റെ പൊലിമയും പരസ്യം ചെയ്താണ് ചില കമ്പനികൾ നെല്ലിക്ക ജ്യൂസ് വിൽപ്പന നടത്തുന്നത്. ‘ദിവ്യ ഫലം’ ആയതു കൊണ്ട് എത്ര കഴിച്ചാലും കേടില്ല എന്നാണ് അർത്ഥവും വിശ്വാസവും!
പറഞ്ഞു വരുന്നത് നെല്ലിക്ക ഒരു വിഷക്കനി ആണെന്നോ, നെല്ലിക്കക്ക് പോഷകഗുണങ്ങളില്ലെന്നോ അല്ല. കഴിക്കുന്ന അളവിലും കാലയളവിലുമാണ് കാര്യം. അധികമായാൽ അമൃതും വിഷമാണ്….
പഴഞ്ചൊല്ല്കൾ
മൂത്തവർ വാക്കും മുതുനെല്ലിക്കയും ആദ്യം കയ്ക്കും പിന്നെ മധുരിക്കും : മുതിർന്നവരുടെ വാക്ക് അനുസരിക്കാത്ത കുട്ടികളോട് ആണ് ഈ പഴഞ്ചൊല്ല് പ്രയോഗിക്കാറ്. കഴിക്കുമ്പോൾ കയ്പ്പ് അനുഭവപ്പെടുകയും പിന്നീട് മധുരിക്കുകയും ചെയ്യുക എന്നതാണ് നെല്ലിക്കയുടെ ഏറ്റവും വലിയ പ്രത്യേകത. അത് പോലെ തന്നെയാണ് മുതിർന്നവരുടെ വാക്കും എന്നാണു ഈ പഴഞ്ചൊല്ല് അർത്ഥമാക്കുന്നത്. ആദ്യം കേൾക്കുമ്പോൾ അനിഷ്ട്ടം തോന്നുമെങ്കിലും പിന്നീട് നല്ലതായി തീരുന്ന കാര്യങ്ങളാണ് മുതിർന്നവർ കുട്ടികളോട് പറയുന്ന വാക്കുകൾ എന്നാണിവ സൂചിപ്പിക്കുന്നത്. കുട്ടികളെ അനുസരണ ശീലം പഠിപ്പിക്കാൻ മുതിർന്നവർ ഉപയോഗിച്ച് വന്ന ഒരു ഉപായം എന്നേ ഇതിനെ കാണാൻ പറ്റൂ.
‘ക്ഷമയുടെ നെല്ലിപ്പലക കണ്ടു’ എന്ന് പഴമക്കാര്‍ പറയുന്നത് കേട്ടിരിക്കുമല്ലോ. പഴയ വീടുകളില്‍ കിണറിന്റെ അടിയില്‍ നെല്ലിപ്പലകയുടെ തട്ട് ഇട്ടിരുന്നു. ഇതു മൂലം വെള്ളത്തിന് തണുപ്പും ഔഷധഗുണവും ലഭിക്കുന്നു. ഒരിക്കലും വറ്റാത്ത കിണറിന്റെ അടിത്തട്ടിലെ നെല്ലിപ്പലക കണ്ടു എന്നാണ് വിവക്ഷിക്കുന്നത്. ക്ഷമിക്കാവുന്നതിന്റെ അങ്ങേയറ്റം വരെയെത്തി എന്നർഥം.