Veenapoovu – Ha Pushpame by Kumaranasan വീണ പൂവ് കവിത വരികള്
വീണ പൂവ് (കുമാരനാശാന്‍)
ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ
ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ-
യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോര്‍ത്താല്‍?
ലാളിച്ചു പെറ്റ ലതയന്‍പൊടു ശൈശവത്തില്‍,
പാലിച്ചു പല്ലവപുടങ്ങളില്‍ വെച്ചു നിന്നെ;
ആ ലോലവായു ചെറുതൊട്ടിലുമാട്ടി, താരാ-
ട്ടാലാപമാര്‍ന്നു മലരേ, ദളമര്‍മ്മരങ്ങള്‍
പാലൊത്തെഴും പുതുനിലാവിലലം കുളിച്ചും
ബാലാതപത്തില്‍ വിളയാടിയുമാടലെന്യേ
നീ ലീലപൂണ്ടിളയ മൊട്ടുകളോടു ചേര്‍ന്നു
ബാലത്വമങ്ങനെ കഴിച്ചിതു നാളില്‍ നാളില്‍
ശീലിച്ചു ഗാനമിടചേര്‍ന്നു ശിരസ്സുമാട്ടി-
ക്കാലത്തെഴും കിളികളോടഥ മൗനമായ് നീ
ഈ ലോകതത്വവുമയേ, തെളിവാര്‍ന്ന താരാ-
ജാലത്തൊടുന്മുഖതയാര്‍ന്നു പഠിച്ചു രാവില്‍
ഈവണ്ണമന്‍പൊടു വളര്‍ന്നഥ നിന്റെയംഗ-
മാവിഷ്ക്കരിച്ചു ചില ഭംഗികള്‍ മോഹനങ്ങള്‍
ഭാവം പകര്‍ന്നു വദനം, കവിള്‍ കാന്തിയാര്‍ന്നു
പൂവേ! അതില്‍ പുതിയ പുഞ്ചിരി സഞ്ചരിച്ചു.
ആരോമലാമഴക്, ശുദ്ധി, മൃദുത്വ,മാഭ
സാരള്യമെന്ന, സുകുമാര ഗുണത്തിനെല്ലാം
പാരിങ്കലേതുപമ, ആ മൃദുമെയ്യില്‍ നവ്യ-
താരുണ്യമേന്തിയൊരു നിന്‍ നില കാണണം താന്‍
വൈരാഗ്യമേറിയൊരു വൈദികനാട്ടെ, യേറ്റ-
വൈരിയ്ക്കു മുന്‍പുഴറിയോടിയ ഭീരുവാട്ടെ
നേരേ വിടര്‍ന്നു വിലസീടിന നിന്ന നോക്കി-
യാരാകിലെന്തു, മിഴിയുള്ളവര്‍ നിന്നിരിക്കാം
മെല്ലെന്നു സൗരഭവുമൊട്ടു പരന്നു ലോക-
മെല്ലാം മയക്കി മരുവുന്നളവന്നു നിന്നെ
തെല്ലോ കൊതിച്ചനുഭവാര്‍ത്ഥികള്‍ ചിത്രമല്ല-
തില്ലാര്‍ക്കുമീഗുണവു, മേവമകത്തു തേനും
ചേതോഹരങ്ങള്‍ സമജാതികളാം സുമങ്ങ-
ളേതും സമാനമഴകുള്ളവയെങ്കിലും നീ
ജാതാനുരാഗമൊരുവന്നു മിഴിക്കുവേദ്യ-
മേതോ വിശേഷസുഭഗത്വവുമാര്‍ന്നിരിക്കാം
“കാലം കുറഞ്ഞ ദിനമെങ്കിലുമര്‍ത്ഥദീര്‍ഘം,
മാലേറെയെങ്കിലുമതീവ മനോഭിരാമം
ചാലേ കഴിഞ്ഞരിയ യൗവന”മെന്നു നിന്റെ-
യീ ലോലമേനി പറയുന്നനുകമ്പനീയം.
അന്നൊപ്പമാണഴകു കണ്ടു വരിച്ചിടും നീ-
യെന്നോര്‍ത്തു ചിത്രശലഭങ്ങളണഞ്ഞിരിക്കാം
എന്നല്ല ദൂരമതില്‍നിന്നനുരാഗമോതി
വന്നെന്നുമാം വിരുതനങ്ങൊരു ഭൃംഗരാജന്‍
കില്ലില്ലയേ ഭ്രമരവര്യനെ നീ വരിച്ചു
തെല്ലെങ്കിലും ശലഭമേനിയെ മാനിയാതെ
അല്ലെങ്കില്‍ നിന്നരികില്‍ വന്നിഹ വട്ടമിട്ടു
വല്ലാതിവന്‍ നിലവിളിക്കുകയില്ലിദാനീം
എന്നംഗമേകനിഹ തീറുകൊടുത്തുപോയ് ഞാന്‍
എന്നന്യകാമുകരെയൊക്കെ മടക്കിയില്ലേ?
ഇന്നോമലേ വിരവിലെന്നെ വെടിഞ്ഞിടല്ലേ
എന്നൊക്കെയല്ലി ബത വണ്ടു പുലമ്പിടുന്നു?
ഹാ! കഷ്ട, മാ വിബുധകാമിതമാം ഗുണത്താ-
ലാകൃഷ്ടനായ്, അനുഭവിച്ചൊരു ധന്യനീയാള്‍
പോകട്ടെ നിന്നൊടൊരുമിച്ചു മരിച്ചു; നിത്യ-
ശോകാര്‍ത്തനായിനിയിരിപ്പതു നിഷ്‌ഫലംതാന്‍!
ചത്തീടുമിപ്പോഴിവനല്‌പവികല്‌പമില്ല
തത്താദൃശം വ്യസനകുണ്ഠിതമുണ്ടു കണ്ടാല്‍
അത്യുഗ്രമാം തരുവില്‍ ബത കല്ലിലും പോയ്
പ്രത്യക്ഷമാഞ്ഞു തല തല്ലുകയല്ലി ഖിന്നന്‍?
ഒന്നോര്‍ക്കിലിങ്ങിവ വളര്‍ന്നു ദൃഢാനുരാഗ-
മന്യോന്യമാര്‍ന്നുപയമത്തിനു കാത്തിരുന്നൂ
വന്നീയപായമഥ കണ്ടളി ഭാഗ്യഹീനന്‍
ക്രന്ദിയ്ക്കയാം; കഠിന താന്‍ ഭവിതവ്യതേ നീ.
ഇന്നല്ലയെങ്കിലയി നീ ഹൃദയം തുറന്നു
നന്ദിച്ച വണ്ടു കുസുമാന്തരലോലനായി
എന്നെച്ചതിച്ചു ശഠന്‍, എന്നതു കണ്ടു നീണ്ടു
വന്നുള്ളൊരാധിയഥ നിന്നെ ഹനിച്ചു പൂവേ
ഹാ! പാര്‍ക്കിലീ നിഗമനം പരമാര്‍ത്ഥമെങ്കില്‍
പാപം നിനക്കു ഫലമായഴല്‍ പൂണ്ട വണ്ടേ!
ആപത്തെഴും തൊഴിലിലോര്‍ക്കുക മുമ്പു; പശ്ചാ-
ത്താപങ്ങള്‍ സാഹസികനിങ്ങനെയെങ്ങുമുണ്ടാം.
പോകട്ടതൊക്കെയഥവാ യുവലോകമേലു-
മേകാന്തമാം ചരിതമാരറിയുന്നു പാരില്‍
ഏകുന്നു വാക്‍പടുവിനാര്‍ത്തി വൃഥാപവാദം
മൂകങ്ങള്‍ പിന്നിവ പഴിക്കുകില്‍ ദോഷമല്ലേ?
പോകുന്നിതാ വിരവില്‍ വണ്ടിവിടം വെടിഞ്ഞു
സാകൂതമാം പടി പറന്നു നഭസ്ഥലത്തില്‍
ശോകാന്ധനായ് കുസുമചേതന പോയമാര്‍ഗ്ഗ-
മേകാന്തഗന്ധമിതു പിന്‍തുടരുന്നതല്ലീ?
ഹാ! പാപമോമല്‍മലരേ ബത നിന്റെ മേലും
ക്ഷേപിച്ചിതോ കരുണയറ്റ കരം കൃതാന്തന്‍
വ്യാപാരമേ ഹനനമാം വനവേടനുണ്ടോ
വ്യാപന്നമായ് കഴുകനെന്നു കപോതമെന്നും?
തെറ്റെന്നു ദേഹസുഷമാപ്രസരം മറഞ്ഞു
ചെറ്റല്ലിരുണ്ടു മുഖകാന്തിയതും കുറഞ്ഞു
മറ്റെന്തുരപ്പു? ജവമീ നവദീപമെണ്ണ
വറ്റിപ്പുകഞ്ഞഹഹ! വാടിയണഞ്ഞുപോയി
ഞെട്ടറ്റു നീ മുകളില്‍നിന്നു നിശാന്തവായു
തട്ടിപ്പതിപ്പളവുണര്‍ന്നവര്‍ താരമെന്നോ
തിട്ടം നിനച്ചു മലരേ ബത! ദിവ്യഭോഗം
വിട്ടാശു ഭുവിലടിയുന്നൊരു ജീവനെന്നോ
അത്യന്തകോമളതയാര്‍ന്നൊരു നിന്റെ മേനി-
യെത്തുന്ന കണ്ടവനിതന്നെയധീരയായി
സദ്യദ്‌സ്ഫുടം പുളകിതാംഗമിയന്നു പൂണ്ടോ-
രുദ്വേഗമോതുമുപകണ്ഠതൃണാങ്കുരങ്ങള്‍
അന്യൂനമാം മഹിമ തിങ്ങിയൊരാത്മതത്വ-
മെന്യേ ഗതമൗക്തികശുക്തിപോല്‍ നീ
സന്നാഭമിങ്ങനെ കിടക്കുകിലും ചുഴന്നു
മിന്നുന്നു നിന്‍ പരിധിയെന്നു തോന്നും
ആഹാ, രചിച്ചു ചെറു ലൂതകളാശു നിന്റെ
ദേഹത്തിനേകി ചരമാവരണം ദുകൂലം
സ്നേഹാര്‍ദ്രയായുടനുഷസ്സുമണിഞ്ഞൂ നിന്മേല്‍
നീഹാരശീകരമനോഹരമന്ത്യഹാരം
താരങ്ങള്‍ നിന്‍ പതനമോര്‍ത്തു തപിച്ചഹോ ക-
ണ്ണീരായിതാ ഹിമകണങ്ങള്‍ പൊഴിഞ്ഞിടുന്നു;
നേരായി നീഡതരുവിട്ടു നിലത്തു നിന്റെ
ചാരത്തു വീണു ചടകങ്ങള്‍ പുലമ്പിടുന്നു
ആരോമലമാം ഗുണഗണങ്ങളിണങ്ങി ദോഷ-
മോരാതുപദ്രവമൊന്നിനു ചെയ്തിടാതെ,
പാരം പരാര്‍ത്ഥമിഹ വാണൊരു നിന്‍ ചരിത്ര-
മാരോര്‍ത്തു ഹൃത്തടമഴിഞ്ഞു കരഞ്ഞുപോകാ?
കണ്ടീ വിപത്തഹഹ! കല്ലലിയുന്നിതാടല്‍-
കൊണ്ടാശു ദിങ്‌മുഖവുമിങ്ങനെ മങ്ങിടുന്നു
തണ്ടാര്‍സഖന്‍ ഗിരിതടത്തില്‍ വിവര്‍ണ്ണനായ് നി-
ന്നിണ്ടല്‍പ്പെടുന്നു, പവനന്‍ നെടുവീര്‍പ്പിടുന്നു.
എന്തിന്നലിഞ്ഞു ഗുണധോരണി വെച്ചു നിന്മേല്‍?
എന്തിന്നതാശു വിധിയേവമപാകരിച്ചു?
ചിന്തിപ്പതാരരിയ സൃഷ്ടിരഹസ്യ, മാവ-
തെന്തുള്ളു ഹാ, ഗുണികളൂഴിയില്‍ നീണ്ടു വാഴാ.
സാധിച്ചു വേഗമഥവാ നിജ ജന്മകൃത്യം
സാധിഷ്‌ഠര്‍ പോട്ടിഹ സദാ നിശി പാന്ഥപാദം
ബാധിച്ചു രൂക്ഷശില വാഴ്‌വതില്‍നിന്നു മേഘ-
ജ്യോതിസ്സുതന്‍ ക്ഷണികജീവിതമല്ലി കാമ്യം?
എന്നാലുമുണ്ടഴലെനിക്കു വിയോഗമോര്‍ത്തും
ഇന്നത്ര നിന്‍ കരുണമായ കിടപ്പു കണ്ടും
ഒന്നല്ലി നാ,മയി സഹോദരരല്ലി, പൂവേ,
ഒന്നല്ലി കയ്യിഹ രചിച്ചതു നമ്മെയെല്ലാം
ഇന്നീവിധം ഗതി നിനക്കയി പോക! പിന്നൊ-
ന്നൊന്നായ്‌ത്തുടര്‍ന്നു വരുമാ വഴി ഞങ്ങളെല്ലാം
ഒന്നിനുമില്ല നില-ഉന്നതമായ കുന്നു-
മെന്നല്ലയാഴിയുമൊരിക്കല്‍ നശിക്കുമോര്‍ത്താല്‍.
അംഭോജബന്ധുവിത നിന്നവശിഷ്ടകാന്തി
സമ്പത്തെടുപ്പതിനണഞ്ഞു കരങ്ങള്‍ നീട്ടി
ജൃംഭിച്ച സൗരഭമിതാ കവരുന്നു വായു
സമ്പൂര്‍ണ്ണമാ,യഹഹ! നിന്നുടെ ദായഭാഗം.
ഉത്‌പന്നമായതു നശിക്കു,മണുക്കള്‍ നില്‍ക്കും
ഉത്‌പന്നനാമുടല്‍ വെടിഞ്ഞൊരു ദേഹി വീണ്ടും
ഉത്‌പത്തി കര്‍മ്മഗതി പോലെ വരും ജഗത്തില്‍
കല്‍പിച്ചിടുന്നിവിടെയിങ്ങനെ ആഗമങ്ങള്‍
ഖേദിക്കകൊണ്ടു ഫലമില്ല, നമുക്കതല്ല
മോദത്തിനും ഭുവി വിപത്തു വരാം ചിലപ്പോള്‍
ചൈതന്യവും ജഡവുമായ് കലരാം ജഗത്തി-
ലേതെങ്കിലും വടിവിലീശ്വര വൈഭവത്താല്‍
ഇപ്പശ്ചിമാബ്ധിയിലണഞ്ഞൊരു താരമാരാ-
ലുത്‌പന്നശോഭമുദയാദ്രിയിലെത്തിടും പോല്‍
സത്‌പുഷ്പമേ! യിവിടെ മാഞ്ഞു സുമേരുവിന്‍ മേല്‍
കല്‍പദ്രുമത്തിനുടെ കൊമ്പില്‍ വിടര്‍ന്നിടാം നീ.
സംഫുല്ലശോഭമതു കണ്ടു കുതൂഹലം പൂ-
ണമ്പോടടുക്കുമളിവേണികള്‍ ഭൂഷയായ് നീ
ഇമ്പത്തെയും സുരയുവാക്കളിലേകി രാഗ-
സമ്പത്തെയും തമധികം സുകൃതം ലഭിക്കാം
അല്ലെങ്കിലാ ദ്യുതിയെഴുന്നമരര്‍ഷിമാര്‍ക്കു
ഫുല്ലപ്രകാശമിയലും ബലിപുഷ്പമായ് നീ
സ്വര്‍ല്ലോകവും സകലസംഗമവും കടന്നു
ചെല്ലാം നിനക്കു തമസഃ പരമാം പദത്തില്‍
ഹാ! ശാന്തിയൗപനിഷദോക്തികള്‍ തന്നെ നല്‍കും
ക്ലേശിപ്പതാത്മപരിപീഡനമജ്ഞയോഗ്യം
ആശാഭരം ശ്രുതിയില്‍ വയ്ക്കുക നമ്മള്‍, പിന്നെ-
യീശാജ്ഞ പോലെ വരുമൊക്കെയുമോര്‍ക്ക പൂവേ!
കണ്ണേ, മടങ്ങുക കരിഞ്ഞുമലിഞ്ഞുമാശു
മണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോള്‍
എണ്ണീടുകാര്‍ക്കുമിതുതാന്‍ ഗതി! സാദ്ധ്യമെന്തു
കണ്ണീരിനാല്‍? അവനി വാഴ്‌വു കിനാവു കഷ്ടം!
Malayalam poems are a beautiful expression of emotions and culture in the Malayalam language. They encompass a wide range of themes, including love, nature, spirituality, and social issues. With their rhythmic structure and rich vocabulary, Malayalam poems captivate readers and listeners alike. The intricate wordplay and imagery in these poems make them a cherished form of literature in the Malayalam-speaking community.
Tags:
വീണ പൂവ് കവിത വരികള് , Veenapoovu summary in malayalam,വീണപൂവ് കവിത pdf, വീണപൂവ് കവിത വരികള്, വീണപൂവ് notes, വീണപൂവ് വൃത്തം, വീണപൂവ് ചോദ്യങ്ങള്, ഹാ പുഷ്പമേ അധികതുംഗപദത്തിലെത്ര meaning വീണപൂവ് class 7 questions and answers malayalam poems,Malayalam poetry (മലയാളം കവിത), Malayalam poems for students, Malayalam poems about life, Short malayalam poems Top 10 Malayalam Kavithakal ,Famous Malayalam Kavithakal, Famous malayalam poems, Malayalam poems pdf, Malayalam kavitha lyrics വീണ പൂവ് കവിത വരികള്