പഴയകാലത്തെ ചില നിത്യോപയോഗ വസ്തുക്കളുടെ ചിത്രങ്ങളും വിവരണവും

 

പഴയകാലത്തെ ചില നിത്യോപയോഗ വസ്തുക്കളുടെ ചിത്രങ്ങളും വിവരണവും 

 

നാഴി

4 നാഴി = 1 ഇടങ്ങഴി

ധാന്യങ്ങളും മറ്റും അളക്കുന്നതിനാണ് ഇതുപയോഗിച്ചിരുന്നത്. മുളങ്കുഴൽ, മരം, പിച്ചള, ഓട് ഇതര ലോഹങ്ങൾ എന്നിവയിൽ ഏതെങ്കിലും കൊണ്ടാണ് നാഴി ഉണ്ടാക്കിയിരുന്നത്.

പറ

ധാന്യങ്ങൾ അളക്കുന്നതിന്‌ കേരളത്തിൽ ഉപയോഗിച്ചിരുന്ന അളവുപാത്രമാണ്‌ പറ. എന്നാൽ ഇതിലുപരിയായി കൃഷിസ്ഥലങ്ങളുടെ അളവ് വരെ പറ കണക്കിൽ പറയാറുണ്ട്. പത്ത് പറ കണ്ടം എന്നു പറയുന്നത്, പത്തു പറ വിത്ത് വിതയ്ക്കാൻ വേണ്ട സ്ഥലമാണ്.

കേരള മലയാള പാഠാവലിയിലെ ആദ്യ പാഠങ്ങളിലൊന്നാണു തറ പറ

തേപ്പ് പെട്ടി

ചിരട്ട കത്തിച്ച് കനൽ ഇട്ട് തേപ്പ് പെട്ടി ചൂടാക്കി ഷർട്ടും മുണ്ടും കോട്ടൺ സാരിയുമൊക്കെ തേച്ച് ചുളിവ് നിർത്തി കനൽ കെടുന്നതിന് മുന്നേ എല്ലാം ധ്രിതിയിൽ തീർക്കാൻ മെനക്കെട്ടിരുന്ന കാലമൊക്കെ എന്നേ കഴിഞ്ഞു, ഇലക്ട്റിക്ക് അയൺ ബോക്സിൻറെ വരവോടെ.

ഉറി

ചകിരി (കയർ) കൊണ്ടു നിർമ്മിക്കുന്ന ഒരു പഴയകാല വീട്ടുപകരണമാണ് ഉറി. അടുക്കളയുടെ ഉത്തരത്തിൽ അടുപ്പിനോടു ചേർന്നു പുക തട്ടാവുന്ന സ്ഥലത്തു കെട്ടി തൂക്കിയിടുന്നു. പ്രധാനമായും പാകം ചെയ്ത്, മൺകലങ്ങളിലാക്കിയ ആഹാരസാധനങ്ങളാണ് ഇതിൽ സൂക്ഷിക്കുക. പാറ്റ പോലുള്ള കീടങ്ങളിൽനിന്നും പൂച്ച പോലുള്ള വീട്ടുമൃഗങ്ങളിൽനിന്നും പാകം ചെയ്ത ആഹാരം സംരക്ഷിക്കുക എന്നതായിരുന്നു ഇതിന്റെ പ്രധാന ഉദ്ദേശം. മോരുണ്ടാക്കുന്നതിനു വേണ്ടി പാൽ ഉറയൊഴിച്ച് പുളിപ്പിക്കാനായി സൂക്ഷിച്ചിരുന്നത് ഉറിയിലായിരുന്നു. ഈ ഉറി അടുക്കളയുടെ തീച്ചൂടേൽക്കാത്ത കോണിലാണു കെട്ടുക.

ചിരവ

തേങ്ങ ചിരവുന്നതിനുള്ള ഉപകരണമാണല്ലോ ചിരവ.അതും അന്യം നിന്നു വരുന്നു. ഒരു തടിക്കഷണവും അതിൽ പിടിപ്പിച്ചിട്ടുള്ള “നാക്കും” (തേങ്ങ ചിരവുന്നതിനുള്ള ഭാഗം) ഉള്ള ഒരു ഉപകരണം, ഇരുമ്പ് തകിട് “റ” ആകൃതിയിൽ ആക്കി അതിൽ നാല്കാലും ചിരവനാക്കും ഘടിപ്പിച്ച്, ഇരണ്ടപ്പക്ഷി തല ഉയർത്തി നിൽക്കുന്നത് പോലെയുള്ള ഒരു സാധനം എന്നായിരിക്കും പുതു തലമുറ ചിന്തിക്കുക.

അരകല്ല്

കറികൾക്കും ചമ്മന്തിയ്ക്കും മറ്റും ആവശ്യമായ തേങ്ങ, മുളക് തുടങ്ങിയവ അരച്ചെടുക്കാൻ ഉപയോഗിക്കുന്ന കരിങ്കല്ലു കൊണ്ട് നിർമ്മിക്കപ്പെട്ടിരിക്കുന്ന ഒരു അടുക്കള ഉപകരണമാണ് അരകല്ല്. ഇതിന് അമ്മിക്കല്ല് എന്നും പേരുണ്ട്. ദീർഘചതുരാകൃതിയിലുള്ള അരകല്ലിൽ അരയ്ക്കാനുപയോഗിക്കുന്ന നീണ്ടുരുണ്ട കല്ലാണു കുഴവി. ഇതിനു പിള്ളക്കല്ല്അമ്മിപ്പിള്ളഅമ്മിക്കുട്ടിഅമ്മിക്കുഴ എന്നൊക്കെയും പറയാറുണ്ട്. ആവശ്യം കഴിഞ്ഞ് അരകല്ല് പലക ഉപയോഗിച്ച് മൂടി വയ്ക്കുന്ന രീതി ചിലയിടങ്ങളിലുണ്ട്. വർഷങ്ങളോളം ഉപയോഗിക്കുന്ന അരകല്ലിന്റെ മധ്യഭാഗം കുഴിഞ്ഞതായി കാണാം. ധാന്യങ്ങളും കിഴങ്ങുവർഗങ്ങളും മറ്റും പൊടിച്ചും ചതച്ചും അരച്ചു കുഴമ്പാക്കിയും ഉപയോഗിക്കുന്ന രീതി കാർഷിക പരിഷ്കാരത്തിന്റെ ഫലമായി മനുഷ്യൻ ആവിഷ്കരിച്ചു.അരകല്ലും കുഴവിയും അതിപ്രാചീനകാലം മുതൽ ജനങ്ങൾ ഉപയോഗിച്ചുവരുന്നതാണ്. പഴയ ലിബിയയിൽ നിന്നും അരകല്ലുകൾ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. മിക്സിയുടെ പ്രചാരത്തോടെ വംശനാശം വന്ന ഒരു അടുക്കള ഉപകരണം.

ഉരൽ

വീടുകളിൽ അരി, മഞ്ഞൾ, മല്ലി, മുളക്, എന്നിവ ഇടിച്ച് പൊടിയാക്കുവാൻ വേണ്ടി ഉപയോഗിക്കുന്ന ഉപകരണമാണ് ഉരൽ. ഉലക്ക എന്ന ദണ്ഡുപയോഗിച്ചാണ് ഉരലിലെ ധാന്യങ്ങളും മറ്റും ഇടിക്കുന്നത്. പ്രാചീനമനുഷ്യൻ ഉരൽ ഏറ്റവുമാദ്യമുപയോഗിച്ചത് ഭക്ഷ്യവസ്തുക്കൾ പൊടിച്ചെടുക്കാനായിരുന്നിരിക്കണം.

ആദ്യകാലത്ത് കരിംകല്ലു കൊണ്ടു തന്നെയായിരുന്നു ഉരൽ നിർമിച്ചിരുന്നത്. മരം കൊണ്ടുള്ള ഉരലും പ്രചാരത്തിലുണ്ടായിരുന്നു.മരം ധാരാളം ലഭ്യമായ കേരളക്കരയിൽ കല്പ്പണിക്കാരുടെ വിരളത കൂടി ആയപ്പോൾ ഉരുത്തിരിഞ്ഞുവന്നതായിരിക്കണം മരം കൊണ്ടുള്ള ഉരലുകൾ.
വംശനാശം വന്ന മറ്റൊരു അടുക്കള ഒപകരണം.

ജലചക്രം.

ഒരാള്‍ക്ക് തനിയെ പ്രവര്‍ത്തിപ്പിക്കാവുന്ന ഈ ഉപകരണം ഉപയോഗിച്ച് ചവിട്ടിയാണ് കൃഷിയിടത്തേക്ക് വെള്ളം എത്തിച്ചിരുന്നത്. കായൽ നിലങ്ങളിലും (കുട്ടനാട്, കോൾ നിലങ്ങൾ) ആഴം കൂടിയ പാടങ്ങളിലും വെള്ളം വറ്റിക്കുന്നതിനായുള്ള കർഷികോപകരണമാണ്‌. ജലം തേവാനും ഇവ ഉപയോഗിച്ചിരുന്നു. മരം കൊണ്ടുണ്ടാക്കിയ ദളങ്ങളോടുകൂടിയ വൃത്താകൃതിയിലുള്ള (ടർബൈൻ) ഉപകരണമാണിവ. നെൽകൃഷിക്കായി മുൻ‌കാലങ്ങളിൽ ധാരാളം ഉപയോഗിച്ചിരുന്നതും, ഇപ്പോൾ വിരളമായിക്കോണ്ടിരിക്കുന്നതുമായ ഒരു ജലസേചന ഉപാധിയാണ് ചക്രം. അടുത്തകാലത്തഅയി വൈദ്യുത യന്ത്രം ഘടിപ്പിച്ച ചക്രങ്ങൾ ഉപയോഗിക്കുന്നു. തടിപ്പെട്ടിക്കുള്ളിൽ തിരശ്ചിനമായി വക്കുന്ന ചക്രത്തെ യന്ത്രസഹായത്തോടെ കറക്കിയാണിത് സദധ്യമാക്കുന്നത്.

കയറ്റുകുട്ട ( തേക്കു കുട്ട )

പഴയകാലത്ത് വളരെയധികം ഉപയോഗിച്ചിരുന്ന ഒരു ജലസേചന ഉപകരണമാണ്‌ കയറ്റുകുട്ട. തേവുകുട്ട, തേക്കുകുട്ട, എറവട്ടി എന്നൊക്കെയും ഇതിനു പേരുണ്ട്. കോണാകൃതിയിലുള്ള ഒരു വലിയ കുട്ടയാണിത്. കമഴ്ത്തിവച്ചാൽ ഒരു വൃത്തസ്തൂപികയുടെ ആകൃതി കൈവരുന്ന ഇതുപയോഗിച്ച് ആഴം കുറഞ്ഞ കുളങ്ങളിൽ നിന്നും ചാലുകളിൽ നിന്നും വെള്ളം തേവാനാണ്‌ ഇത് ഉപയോഗിക്കുന്നത്. കേരളത്തിൽ സർവ്വസാധാരണമായി കണ്ടുവന്നിരുന്ന ഈ ഉപകരണം ഇന്ന് അന്യാദൃശ്യമായിരിക്കുന്നു. പണ്ട് തറവാട്ടിൽ ഇതുപയോഗിച്ചു കുളം തേവുന്നതു ഞങ്ങൾ കുട്ടികൾക്ക് ഒരു വിനോദ ഉപാധിയായിരുന്നു, കൂടെയുള്ള മീൻ പിടിത്തവും!

പെട്രോമാക്സ്

പണ്ടു കാലങ്ങളിൽ വിശേഷാവസരങ്ങളിൽ ഉപയോഗിക്കുന്ന ലൈറ്റിംഗ് സ്രോതസ് ആണ്
പെട്രോമാക്സ്.ഉയർന്ന മർദ്ദത്തിലുള്ള മണ്ണെണ്ണയുപയോഗിച്ചു കത്തുന്ന റാന്തൽ വിളക്കിൻറെ ഒരു ബ്രാന്റ് പേരാണ് 
പെട്രോമാക്സ്. മാന്റിൽ എന്ന തരം തിരിയാണ് ഇതിൽ ഉപയോഗിക്കുന്നത്. പാരഫിൻ ലാമ്പ്, ടില്ലി ലാമ്പ് കോൾമാൻ ലാമ്പ് എന്നീ പേരുകളിലും ഇതേ സംവിധാനമുള്ള ദീപങ്ങൾ അറിയപ്പെടുന്നുണ്ട്.അന്നൊക്കെ ഇതു pressurise ചെയ്യുന്നതും കത്തിക്കുന്നതും ഒരു കൗതുക കാഴ്ചയായിരുന്നു. കല്യാണ, മരണ വീടുകൾ,പള്ളി പെരുന്നാൾ, ഉത്സവങ്ങൾ തുടങ്ങി എന്തിനും നിത്യ സാന്നിദ്ധൃം.

വിറകടുപ്പും
അറക്കപ്പൊടി അടുപ്പും

വിറകടുപ്പുകൾ ഊതിയൂതി കണ്ണുനീർ വറ്റിയ ഒരു ഭൂതകാലം ഉണ്ടായിരുന്നു, കേരളത്തിലെ അടുക്കളകൾക്ക്.പറമ്പില്‍ നിന്ന് ലഭിക്കുന്ന മടലും മറ്റ് വിറകുകളും പലര്‍ക്കും തികയാതെ വരും. അപ്പോള്‍ പാചകത്തിന് വിറക് വേണ്ടി വരും. അത് നല്‍കാന്‍ വിറക് വില്‍പ്പന ഉണ്ടായിരുന്നു.പിന്നാലെ കണ്ണു നിറയ്ക്കാത്ത വേറൊരു ഉത്പന്നം വീട്ടമ്മമാർക്ക് ഉദയം കൊണ്ടു. അതാണ് അറക്കപ്പൊടി അടുപ്പ് . മരത്തിന്‍റെ അറക്ക മില്ലില്‍ നിന്ന് ലഭിക്കുന്ന പൊടിയാണ് അറക്കപ്പൊടി. മരം അറക്കുമ്പോള്‍ ഉണ്ടാകുന്ന പൊടി. അറക്കപ്പൊടി അടുപ്പ് വലിയ സാമ്പത്തിക ലാഭമുള്ള ഒന്നാണ്. എരിഞ്ഞടങ്ങുക എന്ന് പറയില്ലേ. അതുപോലാണ് അറക്കപ്പൊടി അടുപ്പില്‍ എരിഞ്ഞടങ്ങുക. അടുപ്പിലെ അറക്കപ്പെടി കത്തിതീർന്നാൽ നഷ്ടമാണ്. അത് കാരണം ഒരു പാചകം കഴിഞ്ഞാൽ അടുത്ത പാത്രം ഉടൻ അടുപ്പിൽ കയറും. കത്താതെ നോക്കിയാല്‍ ഏറെ നേരം എരിയും. ഏറെ നേരം അടുപ്പ് ഉപയോഗിക്കാം, നല്ല ചൂടും ലഭിക്കും. ആവശ്യം വേഗം കഴിഞ്ഞാള്‍ വെള്ളം തെളിച്ച് വേണം കനലുകള്‍ കെടുത്താന്‍.

അറക്കപ്പൊടി അടുപ്പു തയാറാക്കൽ ആരുന്നു എന്റെ സ്പെഷ്യലൈസേഷൻ. അറക്കപ്പൊടി കുറ്റിയില്‍ നടുക്കായി ഒരു കുറ്റി താത്കാലികമായി വെച്ച് അറക്കപ്പൊടി നിറയ്ക്കണം. പുറമെ താഴെ നിന്ന് മറ്റൊരു കുറ്റി കയറ്റി വെയ്ക്കണം. അറക്കപ്പൊടി നിറച്ച് നന്നായി ചവിട്ടി ഉറപ്പിക്കണം. എന്തുമാത്രം ശക്തമായി ഉറപ്പിക്കാമോ അത്രയും നന്ന് എന്നാണ് അക്കാലത്തെ അടുക്കള ശാസ്ത്രം പറയുന്നത്. കുട്ടികളായ ഞങ്ങളുടെ പണിയാണിത്.

എന്റെ അഭിപ്രായത്തിൽ ഒരു പെട്രോളിയം എഞ്ചിനീയറിംഗ് ഓപ്പറേഷനെക്കാൾ ശ്രദ്ധ വേണ്ട ജോലി. ശരിയായ കുത്തിനിറക്കൽ അല്ലെങ്കിൽ പണി പാളും !!

നന്നായി അറക്കപ്പൊടി നിറച്ച ശേഷം നടുക്ക് വെച്ചതും, താഴെ നിന്ന് വെച്ചതുമായ ഉരുളന്‍ കമ്പുകള്‍ മാറ്റും. താഴെ നിന്നുള്ള കമ്പും, മുകളില്‍ നിന്നുള്ള കമ്പും മാറ്റിയാല്‍ രണ്ടിടത്തും ഉണ്ടാകുന്ന വിടവുകള്‍ തമ്മില്‍ യോജിച്ചിരിക്കും. തഴെയുള്ള വിടവ് വഴി ചെറു കമ്പുകളും ഓലയും കൊണ്ട് തീ ഇടണം. അറക്കപ്പൊടിക്ക് തീ പിടിച്ചാല്‍ പിന്നെ പാചകം തുടങ്ങാം. പിന്നെ വീട്ടമ്മക്ക് പാചകം എളുപ്പമായി.

ഇന്ന് തികച്ചും അന്യം നിന്ന ഒരു ഉല്പന്നമാണ് അറക്കപ്പൊടി അടുപ്പു ..എഴുപതു എൺപതുകളിൽ ബാല്യം ചിലവിട്ടവരുടെ ഗൃഹാതുരത്വ സ്മരണകളിൽ ഇന്നും എരിയുന്നുണ്ടാവും ആ അറക്കപ്പൊടി അടുപ്പു!

ഫ്‌ളോപ്പി ഡിസ്‌ക്‌.

ഫ്ലോപ്പി ഡിസ്ക് , അല്ലെങ്കിൽ ഡിസ്കെറ്റ് , 20-ആം നൂറ്റാണ്ടിന്റെ അവസാനത്തെ കമ്പ്യൂട്ടറുകളിൽ ഉപയോഗിച്ചിരുന്ന മാഗ്നറ്റിക് സ്റ്റോറേജ് മീഡിയം . 1970-കൾ മുതൽ 1990-കളുടെ അവസാനം വരെ ഫ്ലോപ്പി ഡിസ്കുകൾ പ്രചാരത്തിലുണ്ടായിരുന്നു.കമ്പ്യൂട്ടറിൽ നിന്ന് കമ്പ്യൂട്ടറിലേക്ക് ഫയലുകൾ കൈ മാറുന്നതിനുള്ള ഇ-മെയിൽ അറ്റാച്ച്‌മെന്റുകളുടെയും മറ്റ് മാർഗങ്ങളുടെയും വർദ്ധിച്ചുവരുന്ന ഉപയോഗത്തിലൂടെ. ഒരു കാന്തിക പദാർത്ഥം കൊണ്ട് പൊതിഞ്ഞ ഫ്ലെക്സിബിൾ പ്ലാസ്റ്റിക് കൊണ്ടാണ് അവ നിർമ്മിച്ചത്, കട്ടിയുള്ള ചതുരാകൃതിയിലുള്ള പ്ലാസ്റ്റിക് കെയ്സിൽ ഘടിപ്പിച്ചിരിക്കുന്നു. ആദ്യത്തെ ഫ്ലോപ്പി ഡിസ്കുകൾക്ക് 8 ഇഞ്ച് (20 സെന്റീമീറ്റർ) കുറുകെ ഉണ്ടായിരുന്നു. 1970-കളുടെ അവസാനത്തിൽ, 5.25-ഇഞ്ച് (13.3-സെ.മീ.) മോഡലുകളുടെ വരവോടെ ഫ്ലോപ്പി ഡിസ്കുകൾ ചെറുതായിത്തീർന്നു, 1980-കളിൽ അരങ്ങേറിയ അവസാന ഫ്ലോപ്പി ഡിസ്കുകൾക്ക് 3.5 ഇഞ്ച് (9 സെ.മീ) വ്യാസമുണ്ടായിരുന്നു.ഇപ്പോള്‍ തീരെ ഉപയോഗത്തിലില്ലാത്ത ഫ്ലോപ്പി ഡിസ്കുകളെ പുതു തലമുറയിൽ ഭൂരിഭാഗത്തിനും എന്താണെന്നറിയില്ല.

മുറുക്കാന് ചെല്ലം

വെറ്റില മുറുക്കാനുള്ള സാമഗ്രികൾ സൂക്ഷിക്കുന്ന ചെറിയ പെട്ടി

ഇടി കല്ല്

പല്ലൊന്നും ഇല്ലാത്ത പ്രായമായവർ
വെറ്റിലയും അടക്കതുണ്ടുകളും എല്ലാം ചേർത്ത് ഇടി കല്ലിൽ ഇടിച്ചാണ് വായിലിടുന്നത്. പുകയില ചെറിയ കഷണങ്ങളാക്കി മോണകൊണ്ട് അമർത്തി ചവക്കും

പാള തൊപ്പി

കവുങ്ങിൻ‍‍‍‍ പാളകൊണ്ട് നിർമ്മിക്കുന്ന തൊപ്പിയാണ് പാളത്തൊപ്പി. പാടത്ത് ഒക്കെ പണിയെടുക്കുംപോൾ വെയിലും മഴയും ഏൾക്കാതിരിക്കാൻ.

പാള തൊട്ടി

ബക്കറ്റ് ഒക്കെ വരുന്നതിനു മുൻപ് കിണറ്റിൽ നിന്നും വെള്ളം കോരാൻകവുങ്ങിൻ‍‍‍‍ പാളകൊണ്ട് നിർമ്മിക്കുന്ന തൊട്ടി

കടക്കോൽ

തൈര് കടയുവാൻ വേണ്ടി മരം കൊണ്ടുണ്ടാക്കുന്ന ഒരു നാടൻ ഉപകരണമാണ് കടകോൽ അഥവാ മത്ത്. വായ് വട്ടം കുറവുള്ള ഒരു പാത്രത്തിൽ തൈരു നിറച്ച് ഈ ഉപകരണം കൈകൊണ്ടു കറക്കിയാണ് തൈരു കടയുന്നത്.

വിശറി

ഫാനൊക്ക വരുന്നതിനു മുൻപ് പനയോല കൊണ്ടുള്ള വിശറി

കോളാംബി

കൂടാതെ ഇതിൽ പലതും ഇപ്പോൾ അന്യം നിന്നു ( നിന്നു കൊണ്ടിരിക്കുന്നു )

മുറവും വട്ടിയും

മുള വട്ടിയും ചിരട്ട കയിലും

ഞെക്കുവിളക്കു എന്ന ടോർച്

ടേപ് റിക്കോഡർ കാസറ്റ്

VCR & കാസറ്റ്

Walkman

ടൈപ് റൈറ്റർ

ഇങ്ങനെ അനവധി…..

 

 

 

Tags:

daily used kerala old house objects,old item selling app,used product,used wood furniture olx kerala,buy used items,used furniture for sale olx,kerala item,second hand goods online,sell used items online

Leave a Reply

Your email address will not be published. Required fields are marked *

Back To Top