സൂര്യാഘാത ലക്ഷണങ്ങള്‍ കണ്ടാല്‍ വൈദ്യസഹായം തേടണം – ആരോഗ്യവകുപ്പ്

കേരളത്തിൽ താപനില ഉയർന്ന സാഹചര്യത്തിൽ സൂര്യാഘാതവും സൂര്യാതപവും മൂലമുള്ള പൊള്ളലിന് സാധ്യതയുണ്ടെന്നും ജനങ്ങൾ അതിജാഗ്രത പാലിക്കണ മെന്നും ആരോഗ്യവകുപ്പ് അറിയിച്ചു . പുറത്തു ഏതെങ്കിലും തരത്തിൽ ഉള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ കൂടുതൽ കരുതൽ സ്വീകരിക്കണം. രാവിലെ 11 മുതൽ മൂന്നു വരെ നേരിട്ട് വെയിൽ കൊള്ളരുത്. വെയിലത്ത് നടക്കേണ്ടിവരുമ്പോൾ കുട, തൊപ്പി, ടവ്വൽ എന്നിവ ഉപയോഗിക്കണം. പുറത്തു പോകുമ്പോൾ ഷൂസ് അല്ലെങ്കിൽ ചെരിപ്പ് നിർബന്ധമായും ധരിക്കണം.
പാർക്ക് ചെയ്ത വാഹനങ്ങളിൽ കുട്ടികളെയും പ്രായമായവരെയും ഇരുത്തി പോകുന്നത് ഒഴിവാക്കണം. കഴിവതും ഇളംനിറമുള്ള പരുത്തിവസ്ത്രങ്ങൾ ഉപയോഗിക്കണം. ഇടക്ക് കൈ,കാൽ, മുഖം ശുദ്ധജലമുപയോഗിച്ച് കഴുകണം. ചെറിയ കുട്ടികൾ, പ്രായാധിക്യം മൂലമുള്ള ശാരീരിക പ്രശ്നങ്ങൾ അനുഭവിക്കുന്നവർ, ഗർഭിണികൾ, അസുഖം മൂലം ക്ഷീണമനുഭവിക്കുന്നവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. പുറത്തു പോകുമ്പോൾ എപ്പോഴും കുടിവെള്ളം കരുതണം. ദാഹമില്ലെങ്കിലും ഇടക്കിടെ ശുദ്ധജലം കുടിക്കണം, ശാരീരികാധ്വാന മനുസരിച്ചും വി യർപ്പനുസരിച്ചും കൂടുതൽ വെള്ളം കുടിക്കണം.സംഭാരം, ഇളനീര്, നാരങ്ങവെള്ളം ഇവയെല്ലാം ധാരാളം കഴിക്കാം. മദ്യം, ചായ, കാപ്പി, കാർബണേറ്റഡ് സിന്തറ്റിക് കോളകൾ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കണം. ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും വൃത്തിയായി കഴുകി ഉപയോഗിക്കണം. സൂര്യാഘാത ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണം. വളരെ ഉയർന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലെ വ്യതിയാനങ്ങൾ, അബോധാവസ്ഥ, തൊലി ചുവന്നു
തടിക്കൽ, വേദന, പൊള്ളൽ, തൊലിപ്പുറത്ത് കുരുക്കൾ, പേശീവലിവ്, ഓക്കാനം, ഛർദി, മൂത്രത്തിന്റെ അളവ് കുറഞ്ഞ് മഞ്ഞ നിറമാകൽ എന്നിവയെല്ലാം സൂര്യാഘാതമോ സൂര്യാതപമോ ഏറ്റതിന്റെ ലക്ഷണങ്ങളാകാം.

 

Leave a Reply

Your email address will not be published. Required fields are marked *

Back To Top