സ്കൂൾ കുട്ടികള്‍ എന്തു കഴിക്കണം | What school children should eat

സ്കൂൾ കുട്ടികള്‍ എന്തു കഴിക്കണം | What school children should eat

ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സ് ഉണ്ടാവൂ. ഭക്ഷണകാര്യത്തില്‍ ഏറ്റവുമധികം ശ്രദ്ധവേണ്ട കാലമാണ് സ്‌കൂള്‍ പ്രായം. ശരീരവളര്‍ച്ചയുടെ കാലമെന്നപോലെ മനസ്സിനും ബുദ്ധിക്കും ഏറ്റവുമധികം അധ്വാനമുള്ള കാലവും കൂടിയാണിത്. ഒരു വ്യക്തിയുടെ ആരോഗ്യത്തിന്റെ വിത്തിടുന്നത് ചെറുപ്പകാലത്തെ ഭക്ഷണശീലമാണെന്നു പറയാറുണ്ട്. നല്ല വിത്ത് നട്ട് നല്ലതു പോലെ പരിപാലിച്ചാല്‍ മധ്യവയസ്സിലെത്തുമ്പോഴേക്ക് ആരോഗ്യത്തിന്റെ വൃക്ഷമായി അതു നമ്മുടെ ജീവിതത്തിനു തണലേകും. സ്‌കൂള്‍ പ്രായത്തില്‍ കുട്ടികളില്‍ നല്ല ഭക്ഷണശീലങ്ങള്‍ രൂപപ്പെടുത്തി ആരോഗ്യത്തിന്റെ വൃക്ഷം വളര്‍ത്തിയെടുക്കാനാവണം.

പ്രൈമറി സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ നിന്ന് 530 കലോറി ഊര്‍ജമാണ് ലഭിക്കേണ്ടത്. അതില്‍ നിന്ന് അഞ്ചു ശതമാനം വരെ വ്യത്യാസങ്ങളുണ്ടാകുന്നത് സ്വാഭാവികം മാത്രം. സെക്കന്‍ഡറി സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തില്‍ നിന്ന് 650 കലോറി ഊര്‍ജം ലഭിക്കണം. ഇവിടെയും അഞ്ചു ശതമാനം വരെ വ്യത്യാസം സ്വാഭാവികം.

  • സ്‌കൂള്‍ കുട്ടികളുടെ ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റുന്ന മുഖ്യ പോഷകം അന്നജം തന്നെ. നമുക്ക് അന്നജത്തിന്റെ മുഖ്യ സ്രോതസ്സ് അരിയാണല്ലോ. തവിടു നീക്കാത്ത ചുവന്ന അരിയാണ് നല്ലത്.
  • അരിയാഹാരങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും മികച്ച ഒന്നാണ് കഞ്ഞി. ആവശ്യത്തിന് ജലാംശമുള്ളതും വയറിന് കനം തോന്നാത്തതും ദഹിക്കാന്‍ എളുപ്പമുള്ളതുമാണ് കഞ്ഞി. 
  • പ്രൈമറി ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് രാവിലത്തെ കഞ്ഞിയില്‍ ഒരു ചെറിയസ്​പൂണ്‍ നെയ്യ് ചേര്‍ത്തു കൊടുക്കാം. കഞ്ഞിയോടൊപ്പം പയര്‍ ഉണ്ടായിരിക്കണം. 
  • പുട്ടാണെങ്കില്‍ പയറോ കടലയോ ഒപ്പം കഴിക്കാം. പയറും കടലയുമൊക്കെ മാംസ്യത്തിന്റെ നല്ല സ്രോതസ്സുകളാണ്. ദോശക്കും ഇഡ്‌ലിക്കും ചോറിനുമൊക്കെ ഏറ്റവും നല്ല കറികളിലൊന്നാണ് സാമ്പാര്‍. ഏല്ലാ പച്ചക്കറികളും ചേര്‍ത്ത അവിയലും വളരെ നല്ലതാണ്.
  • കൊഴുപ്പ് , പൂരിത കൊഴുപ്പ് , പഞ്ചസാര എന്നിവയുടെ അളവ് കൂടാതെ ശ്രദ്ധിക്കണം. കുട്ടികള്‍ വറവു പലഹാരങ്ങളും ചിപ്‌സും മികിസ്ചറുമൊക്കെ കൂടുതല്‍ കഴിക്കുമ്പോള്‍ കൊഴുപ്പുകളുടെയും മധുരത്തിന്റെയും അളവ് ക്രമാതീതമായി വര്‍ധിക്കും.
  • സ്‌കൂള്‍ കുട്ടികള്‍ക്ക് ആഴ്ചയില്‍ നാലു ദിവസമെങ്കിലും മീന്‍, ഇറച്ചി തുടങ്ങിയവ നല്‍കാവുന്നതാണ്. മത്തി പോലുള്ള ചെറിയ ഇനം മീനുകളാണ് വളരെ നല്ലത്.
  • മുട്ടയോട് അലര്‍ജിയില്ലാത്ത കുട്ടികള്‍ക്ക് ആഴ്ചയില്‍ മൂന്നോ നാലോ മുട്ട കഴിക്കാം.
  • ഓറഞ്ച്, നാരങ്ങ,മുന്തിരി തുടങ്ങി പുളിരസമുള്ള പഴങ്ങള്‍, നെല്ലിക്ക, തുടങ്ങിയവയിലൊക്കെ വിറ്റാമിന്‍ സി സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. പപ്പായ, ഓറഞ്ച്, മാങ്ങ,തക്കാളി,കാരറ്റ് തുടങ്ങിയവയൊക്കെ വിറ്റാമിന്‍ എ യുടെ സ്രോതസ്സുകളാണ്.എല്ലാ ദിവസവും ഏതെങ്കിലും തരം പഴങ്ങള്‍ കഴിക്കുന്നത് ശീലമാക്കണം.
  • കുട്ടികള്‍ക്ക് ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും ഇലക്കറികള്‍ നല്‍കണം. ചീര, മുരിങ്ങയില തുടങ്ങിയവ തന്നെ ഏറ്റവും നല്ലത്.കുട്ടികളുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമായ കാല്‍സ്യത്തിന്റെ മുഖ്യ സ്രോതസ്സ് പാലും പാലുത്പന്നങ്ങളുമാണ്. കുട്ടികള്‍ക്ക് നിത്യവും 200 മില്ലി പാലെങ്കിലും നല്‍കണം.
  • സ്‌കൂളില്‍ വെള്ളം കൊടുത്തു വിടുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം. നല്ലയിനം പ്ലാസ്റ്റിക്കു കൊണ്ടുണ്ടാക്കിയ മികച്ച വാട്ടര്‍ബോട്ടിലുകളേ ഉപയോഗിക്കാവൂ. കോളയുടെയോ കുപ്പിവെള്ളത്തിന്റെയോ കുപ്പികളില്‍ വെള്ളം കൊടുത്തു വിടുന്നത് നന്നല്ല.നന്നായി തിളപ്പിച്ച് ആറിയ വെള്ളമേ കൊടുത്തു വിടാവൂ.വാട്ടര്‍ബോട്ടില്‍ കഴുകുന്ന ശീലം പലര്‍ക്കുമില്ല. എല്ലാ ദിവസവും കുപ്പി നന്നായി കഴുകിയിട്ടേ വെള്ളം നിറയ്ക്കാവൂ

Leave a Reply

Your email address will not be published. Required fields are marked *

Back To Top