“അരണ കടിച്ചാൽ ഉടനെ മരണം” ഇങ്ങനെ പറയുന്നതിന്റെ സത്യാവസ്ഥ എന്താണ് ?

 “അരണ കടിച്ചാൽ ഉടനെ മരണം” ഇങ്ങനെ പറയുന്നതിന്റെ സത്യാവസ്ഥ എന്താണ് ? will die immediately

‘പാമ്പ് പേടി’യുള്ള മനുഷ്യർക്ക്‌ പാമ്പിനോടു രൂപ സാമ്യമുള്ള എന്തിനെയും ഭയമാണ്. അങ്ങിനെയുള്ള ഭയത്തിൽ നിന്നാണ് ‘അരണ കടിച്ചാലുടൻ മരണം’ എന്ന പഴഞ്ചൊല്ല് ഉണ്ടായതു. കൂടെ മഹാ മറവിക്കാരൻ എന്നുള്ള അഡിഷണൽ ഡിഗ്രിയും. അരണയുടെ തല വാലറ്റം വരെ തിരിയുമ്പോഴേക്കും ഉദ്ദേശിച്ച കാര്യം മറന്നുപോകുമത്രെ. അതുകൊണ്ട് കടിക്കാൻ പോലും ചങ്ങാതി മറന്നുപോകുന്നു എന്ന സങ്കൽപ്പത്തിൽ നിന്നാണ് ഓര്‍മ്മക്കുറവുള്ളവരെ കളിയാക്കാന്‍ ‘ അവനു (ൾക്കു) അരണയുടെ ബുദ്ധിയാ ‘ എന്ന പ്രയോഗവും ഉണ്ടായതു.

‘അരണ കടിച്ചാലുടൻ മരണം’ എന്നു പറയുന്നത് ഒരു കാര്യത്തിൽ ശരിയാണ്. മരണം ആർക്കാണെന്ന് മാത്രമേ സംശയമുള്ളൂ. വിഷമൊന്നും ഉള്ളിലില്ലാത്ത പാവം അരണ അബദ്ധത്തിലെങ്ങാൻ ആരെയെങ്കിലും കടിക്കാൻ ശ്രമിച്ചാൽ വലിയ വേദനപോലും ഉണ്ടാവില്ല, കുഞ്ഞരിപ്പല്ലുരഞ്ഞ് ഒരു ഇക്കിളി ഉണ്ടായാൽ ആയി. പക്ഷെ ചിലപ്പോൾ കടികിട്ടിയ ആൾ പേടിയും ദേഷ്യവും കൊണ്ട് പാവത്തിനെ തല്ലിക്കൊന്ന് അതിന്റെ മരണം ഉറപ്പാക്കും എന്ന് മാത്രം.

നൂറ്റാണ്ടുകളായി ‘അരണവിഷ’ വിശ്വാസം തിരുത്താതെ നമ്മള്‍ സത്യം ആയി കരുതി കൊണ്ടു നടക്കുകയായിരുന്നു. സര്‍പ്പങ്ങള്‍ തലയില്‍ അത്ഭുത രത്‌നം കൊണ്ട് നടക്കുന്നതു പോലെ അരണയുടെ തലയിലും ‘അരണമാണിക്യം’ വെച്ചുകെട്ടിയ കഥകളും വിശ്വാസവും കൂടി ഉണ്ടായിരുന്നു

പാവം അരണയ്ക്ക് വിഷഗ്രന്ഥികളോ വിഷപ്പല്ലുകളോ ഇല്ല. വിഷപ്പല്ലുകൾ പോകട്ടെ പല്ലുകൾ പോലുമില്ലെന്ന് പറയാം. പകരം നാവിൽ പല്ലുകൾ പോലെ ഒരു തരം ശൽക്കങ്ങൾ ആണ് ഉള്ളത്. പിന്നെ എങ്ങനെ കടിക്കും പിന്നയല്ലേ കടികൊണ്ട് മരിക്കുന്നത്!!!

എല്ലാവരെയും പേടിച്ച് ജീവിക്കുന്ന ഒരു പാവം ജീവിയാണ് അരണ. കരിയിലകൾക്കിടയിൽ ഒക്കെ ഒളിച്ചു താമസിക്കുന്ന കുറിയ കാലുകളുള്ള ഈ സാധു ജീവിയെ കണ്ടാൽ പാമ്പിനെ ഓർമ്മിപ്പിക്കുന്നതുകൊണ്ടാണ് ഇങ്ങനെയുള്ള അന്ധവിശ്വാസങ്ങൾ ഉണ്ടായത്.

പക്ഷേ അരണ കുറേ പ്രത്യേകതകൾ ഉള്ള ജീവിയാണ് കേട്ടോ!

അരണകളുടെ വിചിത്ര ലോകം

Scincidae എന്ന ഉരഗ ഉപഗോത്രത്തിലെ ഒരംഗം. നാല്പതോളം സ്പീഷിസുണ്ട്. ദക്ഷിണേഷ്യ, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിൽ ധാരാളമായി കണ്ടുവരുന്നു. വിവിധ സ്ഥലങ്ങളിലുള്ളവയ്ക്ക് നിറത്തിലും രൂപത്തിലും ചെറിയ വ്യത്യാസങ്ങൾ കാണാം. കരയിൽ പാറകൾക്കിടയിലും മറ്റു പ്രകാശം കുറഞ്ഞ ഭാഗങ്ങളിലുമാണ് സാധാരണ കാണപ്പെടുന്നത്. ചില അംഗങ്ങൾ ഭാഗികമായി ജലജീവികളാണ്. നീണ്ട ശരീരവും കുറുകിയ കാലുമാണുള്ളത്. ചിലയിനം അരണകളുടെ കാലുകൾ അനിതരസാധാരണമാംവിധം ചെറുതാണ്. തന്മൂലം ഇവ പാമ്പുകളാണെന്നു തോന്നാനിടയുണ്ട്. ശരീരം മിനുസവും തിളക്കവുമുള്ള ചെതുമ്പലുകൾകൊണ്ട് പൊതിഞ്ഞിരിക്കുന്നു. തലയിലുള്ള ചെതുമ്പലുകൾ വിസ്താരം കൂടിയവയാണ്. തലയ്ക്ക് കോണാകൃതിയാണ്. പരന്ന തലയോട്ടിയും ശൂലം പോലുള്ള നാവും ഇവയുടെ സവിശേഷതയാണ്. നാവിൽ പല്ലു പോലെയുള്ള ശല്ക്കങ്ങളുണ്ട്. പുറത്ത് നെടുകെ ഒന്നും പാർശ്വഭാഗങ്ങളിൽ ഈരണ്ടും വെളുത്ത വരകൾ കാണാം. ശരീരത്തിന്റെ ഉപരിഭാഗത്തിനു തവിട്ടുനിറമാണ്. അടിവശം മഞ്ഞയോ വെള്ളയോ ആയിരിക്കും.

ലോകത്തെങ്ങുമായി 1612 ഇനം അരണകളെ ഇതുവരെയായി കണ്ടെത്തീട്ടുണ്ട്. ഇന്ത്യയിൽ 72 സ്പീഷിസ് അരണകളുണ്ട് 4 cm മാത്രം നീളമുള്ള കുഞ്ഞൻ അരണയായ ട്രാവങ്കൂർ പൂച്ചരണ (Ristella travancorica) തൊട്ട് 45 cm നീളമുള്ള Mabuya tytleri വരെ വിവിധ നീളക്കാർ. മരുഭൂമിയിലെ മണലിലൂടെ നീന്തി മറയുന്നതിനാൽ ‘മണൽമീൻ’ എന്നും പേരുള്ള Ophiomorus tridactylus രസികന്മാരാണ്. മണ്ണിലിറങ്ങാതെ ജീവിതകാലം മുഴുവനും മരത്തിൽ തന്നെ ജീവിച്ചു തീർക്കുന്ന മര അരണകളുണ്ട്. ഒക്കെകൂടി വൈവിദ്ധ്യമാർന്നതാണ് അരണലോകം. വെറും – ‘അരണ’ തൊട്ട് ‘മര അരണ’, ‘പാമ്പരണ’, ‘പൂച്ച അരണ’, ‘മണ്ണരണ’, ‘കാട്ടരണ’ എന്നീ ഇനങ്ങളിൽ 19 സ്പീഷിസ് അരണകളാണ് കേരളത്തിലുള്ളത്. വളരെ സാധാരണയായി കാണപ്പെടുന്ന അരണയാണ് ‘സുവർണ അരണ’ (golden skink) എന്നും Keeled Indian Mabuya , Many-keeled Grass Skink എന്നും ഒക്കെ പേരുള്ള Eutropis carinata .

ആൺ അരണകൾ ഇണചേരൽ കാലത്ത് ഇളം ചുവപ്പോ, ഓറഞ്ചോ നിറ ഭേദം കാണിക്കും. കരിയിലകൾക്കടിയിലും, കല്ലുകളുടെ വിടവുകൾക്കിടയിലും ഒക്കെ ഒളിച്ച് നിൽപ്പാണ് കൂടുതലും. പേടിച്ചാണ് ജീവിതം . വെറുതേ പുറത്ത് ഉലാത്തിയാൽ കഥകഴിയും. പിടിച്ച് ശാപ്പിടാൻ ഇഷ്ടം പോലെ ആൾക്കാരുണ്ട് ചുറ്റും. കാക്ക, പരുന്ത് തുടങ്ങിയ പക്ഷികൾ- കൂടാതെ കീരികൾ, വലിയ ഉരഗങ്ങൾ, പാമ്പുകൾ, കുറുക്കന്മാർ, പട്ടി, പൂച്ച തുടങ്ങി എല്ലാവരും അരണയെ വെറുതേ വിടില്ല. ഗതികേടിന് ഇവരുടെ കൈയിലോ കൊക്കിലോ പെട്ടാൻ തടി കാക്കാൻ പല്ലികളേയും ഓന്തുകളേയും പോലെ വാൽ മുറിച്ചിട്ട് രക്ഷപ്പെടുന്ന തന്ത്രം അരണകളും പയറ്റും. മുറിഞ്ഞു മാറിയാലും പിന്നെയും പിടക്കുന്ന വാലിൽ പിടികൂടിയ ഇരപിടിയന്റെ ശ്രദ്ധ തെറ്റിച്ച് ശരീരം രക്ഷിക്കുന്ന സൂത്രം. Autotomy എന്നാണ് ഇതിന് പറയുക, വേദനയും വലിയ മെനക്കേടും ഉള്ളതാണ് വാൽ മുറിച്ചിട്ട് പറ്റിക്കുന്ന ഈ പരിപാടിയെങ്കിലും വാൽ വീണ്ടും വളരും എന്നതിനാൽ മൊത്തത്തിൽ നഷ്ടക്കച്ചവടമല്ല. ജീവിതം ബാക്കികിട്ടുക എന്നത് മെച്ചം തന്നെയാണല്ലോ.

അരണ അതിന്റെ മുന്നിൽ പെട്ട കുഞ്ഞു പ്രാണികളെ ഒന്നിനെയും വിടില്ല. ചീവീടുകൾ, ചിലന്തികൾ, തുള്ളന്മാർ, വണ്ടുകൾ , മണ്ണീര, ഒച്ച്, തേരട്ട തുടങ്ങിയവയേ യെല്ലാം ശാപ്പിടും. കൂടാതെ മറ്റ് കുഞ്ഞ് പല്ലിവർഗക്കാരെയും അകത്താക്കും.

ലോകത്തിലെ അരണ ഇനങ്ങളിൽ പകുതിയും മുട്ടയിടൽ രീതിക്കാരാണ്. ബാക്കിയുള്ള ഇനങ്ങൾ ഇണചേർന്ന് മുട്ട ഉള്ളിൽ തന്നെ വെച്ച് വിരിയിച്ച ശേഷമാണ് പുറത്തേക്ക് വിടുക. ഒരുതരം പ്രസവം എന്നും പറയാം. കുഞ്ഞുങ്ങളെ പരിപാലിക്കുന്ന ഏർപ്പാടൊന്നും പൊതുവെ ഇല്ല. വിരിഞ്ഞിറങ്ങിയ, അല്ലെങ്കിൽ ‘പെറ്റിട്ട’ കുഞ്ഞുങ്ങളെ കാര്യമായി ശ്രദ്ധിക്കുന്ന പതിവ് ഇല്ല. അവരായി അവരുടെ പാടായി എന്ന മട്ട്. നമ്മുടെ നാട്ടിലെ അരണകൾ മുട്ടയിടൽകാരാണ്. മണ്ണു മാന്തി കുഴിയാക്കിയോ, ദ്രവിച്ച ഇലകൾക്കും മരക്കമ്പുകൾക്കും അടിയിലോ ഒറ്റപ്രാവശ്യം 2 മുതൽ 20 മുട്ടകൾ വരെ കൂട്ടമായി ഇട്ടു വെക്കും. ആഗസ്ത് സപ്തംബർ മാസക്കാലത്താണ് മുട്ടയിടുക. മെയ് ജൂൺ മാസത്തിൽ മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്ത് വരും. അതിജീവനത്തിനുള്ള പാഠങ്ങൾ മറക്കാതെ ഇരതേടിയും, ഇരയാകാതെനോക്കിയും ജീവിതം മുന്നോട്ട് കൊണ്ടുപോകും.

മണം പിടിക്കുന്നതും ഇരകളുടെ സാന്നിദ്ധ്യം തിരിച്ചറിയുന്നതും നാവുപയോഗിച്ചാണ്. പാമ്പിനെ ഓർമ്മിപ്പിക്കുന്നതിന് പ്രധാന കാരണം ഈ നാവുനീട്ടൽ കൂടിയാണ്.ചിലയിനം അരണകൾക്ക്കണ്ണിനു മുകളിൽ നിന്ന് ആരംഭിച്ച് വാലറ്റം വരെ അരികുകളിലും മുകളിലും ഒക്കെ നീളത്തിൽ വരകൾ കാണാം. ഇവ മുകളിൽ നിന്ന് നോക്കുന്ന ഇരപിടിയന്മാർക്ക് ശരീരത്തിന്റെ പുറം അതിര് അവ്യക്തമാക്കി, തന്നെ തിരിച്ചറിയുന്നതിന് ആശയക്കുഴപ്പം ഉണ്ടാക്കി അരണക്കു രക്ഷപ്പെടാൻ സഹായിക്കും. കൂടാതെ ഇവ ജലനഷ്ടം കുറക്കാൻ സഹായിക്കുന്നതായും കണ്ടിട്ടുണ്ട്.

അരണ ബുദ്ധിയെ പറ്റി പറയുകയാണെങ്കിൽ …

തടി കാക്കാൻ പല്ലികളേയും ഓന്തുകളേയും പോലെ വാൽ മുറിച്ചിട്ട് രക്ഷപ്പെടുന്ന തന്ത്രം പറഞ്ഞുവല്ലോ. ശരീരത്തിലെ കൊഴുപ്പുകൾ ശേഖരിച്ച് വെക്കുന്ന ഇടം കൂടിയാണ് വാൽ.എത്രയോ കാലം കൊണ്ട് ശേഖരിച്ച് വെച്ച കൊഴുപ്പ് വെറുതേ നഷ്ടപ്പെടുത്തുന്നത് എന്തിനാണ്? അത്കൊണ്ടു മുറിച്ചിട്ട വാൽ സൗകര്യം കിട്ടിയാൽ സ്ഥലം ഓർത്ത് വെച്ച് തിരിച്ച് വന്ന് കണ്ടുപിടിച്ച് ശാപ്പിടും .ഇത്രയും ഓർമ്മയുള്ള ജീവിയെ ആണ് മറവിക്കാരൻ എന്ന് നമ്മൾ കളിയാക്കുന്നത്!!!!

കണ്ണടച്ചാലും അരണ പുറം കാഴ്ചകളെല്ലാം കാണും.അരണകൾ കണ്ണ് അടക്കുമ്പോൾ അതാര്യ ശൽക്കങ്ങൾ ഉള്ള കീഴ് കൺ പോളയാകും ഉണ്ടാകുക. ചില ഇനങ്ങളിൽ കൺപോളയുടെ മദ്ധ്യഭാഗത്ത് സുതാര്യമായ ഒരു വിടവ് ഉണ്ടാകും. അതിനാൽ കണ്ണടച്ചാലും കാഴ്ചകൾ കാണാം!!!!

കുഞ്ഞുങ്ങൾക്ക് സ്വന്തം മലം ആഹാരമായി നൽകുന്ന അരണകളും ഉണ്ട്!!!എന്തിനാണിവ അങ്ങനെ ചെയ്യുന്നത്? നമുക്ക് നോക്കാം. അരണകളുടെ കൂട്ടത്തിൽ ഏറ്റവും വലുത് സോളമൻ ദ്വീപുകളിൽ കാണപ്പെടുന്ന, വാലടക്കം 70 സെന്റീമീറ്റർ വരെ നീളമുള്ള കുരങ്ങരണ എന്നും വിളിക്കുന്ന കൊറൂക്കിയ സെബ്രാട്ട ( Corucia zebrata) എന്ന ഇനം ആണ്.കുരങ്ങുകളെപ്പോലെ ഒരു ശാഖയിൽ നിന്ന് മറ്റൊന്നിലേക്കുള്ള സഞ്ചാരത്തിന് നീളൻ വാൽ സഹായിക്കുന്നതുകൊണ്ടാണ് ‘കുരങ്ങൻ വാലരണ’ , ‘കുരങ്ങരണ’ തുടങ്ങിയ പേരുകൾ ഇവയ്ക്ക് കിട്ടിയത്.

( Corucia zebrata)

കുരങ്ങരണകൾ സസ്യാഹാരികൾ ആണ്. പഴങ്ങളും ഇലകളും ഒക്കെ കഴിക്കും. വിഷച്ചെടികൾ തിന്നാലും അവയിലെ ടോക്സിനുകൾ ഇവയ്ക്ക് പ്രശ്നം ഒന്നും ഉണ്ടാക്കുകയും ചെയ്യില്ല. സെല്ലുലോസ് ദഹിപ്പിക്കാനുള്ള കഴിവ് ഇവയുടെ വയറ്റിലുള്ള ബാക്ടീരിയകളുടെ സഹായത്തോടെ സാദ്ധ്യമാണ്. ഇവയുടെ കുഞ്ഞുങ്ങൾക്ക് ഇവയുടെ മലം തന്നെയാണ് ആദ്യം നൽകുക. അങ്ങിനെ കുഞ്ഞുങ്ങളുടെ വയറ്റിലും ദഹന ആവശ്യത്തിനുള്ള ബാക്ടീരിയകൾ എത്തിക്കുന്നു.ഇപ്പോൾ മനസ്സിലായോ അരണയുടെ ബുദ്ധി??

താർ മരുഭൂമിയിലെ മണലിലൂടെ ഒളിച്ച് നീന്തി മറയുന്നതിനാൽ ‘മണൽമീൻ’ എന്നും പേരുള്ള അരണകൾ (Ophiomorus tridactylus) രസികന്മാരാണ്. മണലിലൂടെ തുരന്നും തുഴഞ്ഞും നീങ്ങാൻ ഇവരുടെ ഉറപ്പുള്ള മൂക്കുസഹായിക്കും. കൈകളിൽ മൂന്നു വിരലേ ഇവർക്ക് ഉള്ളു.

(Ophiomorus tridactylus)

മണ്ണിലിറങ്ങാതെ ജീവിതകാലം മുഴുവനും മരത്തിൽ തന്നെ ജീവിച്ചു തീർക്കുന്ന മര അരണകളുണ്ട്. ഒക്കെകൂടി വൈവിദ്ധ്യമാർന്നതാണ് അരണലോകം. വെറും ‘അരണ’ തൊട്ട് ലെഷുനൗൽറ്റിന്റെ മണലരണ , ബെഡോമിന്റെ അരണ, കടലരണ , ‘മര അരണ’, മണ്ണരണ ‘പാമ്പരണ’, ‘പൂച്ച അരണ’, ‘കാട്ടരണ’ എന്നിങ്ങനെ വിവിധ ഇനം അരണകൾ കേരളത്തിൽ ഉണ്ട്. ചില ഇനം അരണകള്‍ക്ക് ചുറ്റുപാടുകള്‍ക്ക് ഇണങ്ങും വിധം രാത്രിയും പകലും മാറുമ്പോള്‍ ചെറുതായി നിറം മാറ്റാനുള്ള കഴിവുണ്ട്. പക്ഷെ ഓന്തുകളുടെ അത്രമാത്രം പ്രകടമായ രീതിയില്‍ നിറമാറ്റം സാദ്ധ്യമല്ല..

ന്യൂ ഗിനിയില്‍ കാണപ്പെടുന്ന Prasinohaema virens എന്ന ഇനം അരണകള്‍ക്ക് പല്ലികളെപ്പോലെ താഴോട്ട് വീഴാതെ കുത്തനെയുള്ള പ്രതലത്തില്‍ പിടിപ്പിച്ച് കയറാന്‍ സഹായിക്കുന്ന സക്ഷന്‍ പാഡ് പോലുള്ള സംവിധാനം വിരലുകളില്‍ ഉണ്ട്. അരണകളില്‍ ഈ ഒരിനത്തിനു മാത്രമേ അത്തരം ഒരു കഴിവുള്ളതായി കണ്ടിട്ടുള്ളു. ഈ അരണകള്‍ക്ക് വേറൊരുപ്രത്യേകത കൂടിയുണ്ട്. പച്ചച്ചോര ( പച്ച വെള്ളം എന്നുപയോഗിക്കുന്നതു പോലെ അല്ല, പച്ചനിറമുള്ള ചോര തന്നെ ) ഉള്ളവയാണിവ. അതിന്റെ ജീനസ് നാമമായ Prasinohaema എന്നത് അതിന്റെ രക്തവര്‍ണ്ണ സ്വഭാവത്തെയാണ് സൂചിപ്പിക്കുന്നത്. രക്തത്തിലെ മാലിന്യങ്ങളായ ബിലിറൂബിന്‍ ബിലിവേര്‍ഡിന്‍ തുടങ്ങിയവ കലര്‍ന്ന് മഞ്ഞപ്പിത്ത രോഗമുള്ളവര്‍ക്ക് കണ്ണിനും തൊലിയ്ക്കും ചെറുതായി മഞ്ഞക്കളര്‍ വരുന്നതു പോലെ ആണ് ഇവരുടെരക്ത നിറം പച്ചയാകുന്നതും. ഈ അരണയുടെ രക്തത്തില്‍ ബിലിവേര്‍ഡിന്റെ അളവ് സാധാരണയുള്ളതിന്റെ നാല്പത് മടങ്ങ് കൂടുതല്‍ ആണ്. നാവും തൊലിയും പച്ചക്കളറില്‍ ആയിരിക്കും. എങ്കിലും ഇത്രയും കൂടിയ അളവില്‍ ബിലുവേര്‍ഡിന്‍ ഉണ്ടായിട്ടും ഇവ എങ്ങിനെ അതിജീവിക്കുന്നു എന്നതിനേപറ്റി നിരവധി ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്.

(Prasinohaema virens )

ആസ്ത്രേലിയയില്‍ കാണപ്പെടുന്ന Tiliqua rugosa എന്ന ഇനംനീല നിറ നാവ് ഉള്ള ഇനം അരണയാണ്. കഥകളില്‍ ചുടല യക്ഷികള്‍ ചുവന്നു നീണ്ട നാവുനീട്ടി ശത്രുക്കളെ ഭയപ്പെടുത്തുന്നതുപോലെ വായ പൊളിച്ച് നീല നാവ് കാണിച്ച് ശത്രുക്കളെ ഭയപ്പെടുത്താന്‍ ഇവര്‍ നോക്കും.

(Tiliqua rugosa)

ഇങ്ങനെ വളരെയേറെ ജൈവ വൈവിധ്യമുള്ള ഒരു ലോകം തന്നെയാണ് അരണ കുലത്തിന്റേതു !

Leave a Reply

Your email address will not be published. Required fields are marked *

Back To Top